കാരംപൊറ്റ കനാലിലെ മാലിന്യവെള്ളക്കെട്ട് നീക്കുമെന്നു പഞ്ചായത്തിന്റെ ഉറപ്പ്
1568488
Thursday, June 19, 2025 2:04 AM IST
കൊഴിഞ്ഞാമ്പാറ: പഞ്ചായത്തിലെ കാരംപൊറ്റയിൽ ജനവാസമേഖലയിലൂടെ കടന്നുപോകുന്ന ജലസേചന കനാലിൽ മലിനജലം കെട്ടിനിൽക്കുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു അധികൃതർ.
കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു നടത്തിയ സമരത്തെ തുടർന്നാണ് തീരുമാനം.
വെള്ളിയാഴ്ചക്കകം പരിഹരിക്കാമെന്നാണ് ഉറപ്പുനൽകിയത്. നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടെ കടന്നുപോകുന്ന കനാലിൽ കണ്ടാലറയ്ക്കുന്ന തരത്തിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. നഗരത്തിലെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലമാണിതെന്നും സമരക്കാർ പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, എ.കെ മോഹൻദാസ്, കെ.ശ്രീകുമാർ, എം. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.