കൊക്കർണി പോലെ കുഴികൾ
1568187
Wednesday, June 18, 2025 1:15 AM IST
വടക്കഞ്ചേരി: കൊക്കർണി പോലെ തകർന്ന്തരിപ്പണമായി മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാത. മംഗലംപാലത്തിനടുത്ത് യത്തീംഖാനക്കു മുന്നിലെ കിടങ്ങുകൾമുതൽ പൊതുമരാമത്ത് വകുപ്പിന്റെ ആലത്തൂർ ഡിവിഷൻ അതിർത്തിവരെയുണ്ട് റോഡുതകർച്ച.
മംഗലത്തെ ബൈക്ക്ഷോപ്പിനു മുന്നിലെ ഭീമൻകുഴികളും ഇതിനരികെ പഴയ വില്ലേജ് ഓഫീസിനടുത്തുള്ള കൾവർട്ടിലെ കുഴികളും അപകടകാരികളാണ്. വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുമുന്നിലും തേവർക്കാട് കൺവൻഷൻ സെന്ററിനു മുന്നിലുമുണ്ട് ഭീമൻ കുഴികൾ.
ഇതെല്ലാം മറികടന്ന് വള്ളിയോട് സെന്ററിലെ വെള്ളക്കെട്ടും പിന്നിട്ട് മുടപ്പല്ലൂർ ടൗണിലെത്തിയാൽ പിന്നെ പറയുകയും വേണ്ട... പാടശേഖരങ്ങളിലെ കൊക്കർണി പോലെയാണ് റോഡ്. ഇവിടെ വെള്ളംനിറഞ്ഞുകിടക്കുമ്പോൾ ഇരുചക്ര വാഹനവുമായി മറിഞ്ഞുവീണ് പരിക്കുപറ്റുന്നവർക്ക് കണക്കില്ലെന്നു സമീപത്തെ കടക്കാർ പറയുന്നു.
ഓരോ ദിവസം കഴിയുമ്പോഴും കുഴിയുടെ ആഴവുംപരപ്പും കൂടിവരികയാണ്. കഴിഞ്ഞദിവസം റോഡിൽ പലയിടത്തും ഓട്ടയടക്കൽ നടത്തിയെങ്കിലും അതിനൊന്നും ദീർഘായുസില്ലാതെ ഒലിച്ചുപോയി.
മഴപെയ്യുമ്പോൾ വെള്ളംമുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. വശങ്ങളിലെ ഡ്രെയ്നേജുകളെല്ലാം മണ്ണും മാലിന്യങ്ങളും നിറഞ്ഞു മൂടിക്കിടക്കുകയാണ്.