മലയാളി യുവ എഴുത്തുകാരൻ പ്രശാന്ത് പഴയിടത്തിന്റെ ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു
Wednesday, October 22, 2025 10:54 AM IST
ബ്രിസ്റ്റൽ: സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മധുരം പകർന്ന ബ്രിസ്റ്റൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച "മെലോഡിയ 2025' വേദിയിൽ മലയാളി യുവ എഴുത്തുകാരൻ പ്രശാന്ത് പഴയിടം (എറണാകുളം കോതമംഗലം സ്വദേശി) രചിച്ച ചിത്രസഹിത ബാലസാഹിത്യകൃതി “ക്രിസ്റ്റൽ സ്വീറ്റ്നെസ്” പ്രകാശനം ചെയ്തു.
പ്രകാശനചടങ്ങ് മേയർ എമിറിറ്റസ് ടോം ആദിത്യ, പ്രശസ്ത ഗായകൻ ബിജു നാരായണൻ, ഫാ. ബിബിൻ ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു.
കുട്ടികളിൽ സ്നേഹവും കരുണയും വളർത്തുന്ന കഥകളാണ് സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നത്. ‘ക്രിസ്റ്റൽ സ്വീറ്റ്നെസ്’ പോലെയുള്ള കൃതികൾ ഈ മൂല്യങ്ങൾ കുഞ്ഞുങ്ങളിലേക്കെത്തിക്കുന്ന അതുല്യമായ വഴിയാണ് എന്ന് മേയർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ബിഎംഎ പ്രസിഡന്റ് സെൻ, ഗായിക ഡെൽസി നൈനാൻ, വില്യം ഐസക്, ലണ്ടൻ നവധാര മ്യൂസിക് സ്കൂൾ ഡയറക്ടർ വിനോദ് നവധാര എന്നിവർ പങ്കെടുത്തു. സംഗീതം, നൃത്തം, കലാപ്രകടനങ്ങൾ തുടങ്ങി നിരവധി പരിപാടികളാൽ നിറഞ്ഞ "മെലോഡിയ 2025' മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക ഐക്യത്തിന്റെ ഉത്സവമായി മാറി.
കുഞ്ഞുങ്ങളെ ദയയും സ്നേഹവും നിറഞ്ഞ ലോകത്തിലേക്ക് നയിക്കുകയാണ് ഈ കഥയുടെ ലക്ഷ്യം. ബ്രിസ്റ്റലിൽ ഇത്രയും മഹാന്മാരുടെ സാന്നിധ്യത്തിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് എഴുത്തുകാരൻ പ്രശാന്ത് പഴയിടം പ്രസംഗത്തിൽ പറഞ്ഞു.
ബ്രിസ്റ്റൽ മലയാളി അസോസിയേഷൻ ഒരുക്കിയ "മെലോഡിയ 2025' സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മധുരം പകർന്ന അവിസ്മരണീയമായൊരു സാംസ്കാരിക വിരുന്നായി മലയാളികളുടെ ഹൃദയങ്ങളിൽ പതിഞ്ഞു.