വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്റ്റ് പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം നവംബർ 21ന്
ജോസ് കുമ്പിളുവേലില്‍
Wednesday, October 22, 2025 1:10 PM IST
ബെല്‍ഫാസ്റ്റ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിച്ച നോര്‍ത്തേണ്‍ അയര്‍ലൻഡ് ബെല്‍ഫാസ്റ്റ് പ്രൊവിന്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 21ന് നടക്കും. ബെല്‍ഫാസ്റ്റിലെ ബാലി ഹാക്കമോര്‍ സെന്റ് കോൾമിസിൽ പാരീഷ് ഹാളില്‍ വൈകുന്നേരം അഞ്ചിന് പരിപാടി ആരംഭിക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് അരങ്ങേറുന്നത്. കലാഭവന്‍ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, ജാസ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, നന്ദന സന്തോഷ് അവതരിപ്പിക്കുന്ന നൃത്തം, ഡിജെ തുടങ്ങിയ പരിപാടികൾ അരങ്ങേറും. കൂടാതെ സ്വാദിഷ്ട ഭക്ഷണവും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടാതെ ഭാവിയില്‍ ചാരിറ്റി അടക്കം മലയാളികളുടെ കലാ - സാംസ്കാരിക ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന സംഘടനയുടെ അവലോകന യോഗത്തില്‍ പ്രോവിന്‍സ് പ്രസിഡന്റ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു.
അനില്‍ പോള്‍, ജീമോന്‍, ജോബി, സനു പടയാറ്റില്‍, ക്ലിന്റോ, ഡിജോ, സിജു ജോര്‍ജ്, സോജു ഈപ്പന്, സണ്ണി കട്ടപ്പന എന്നിവര്‍ പങ്കെടുത്തു. പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കയിലെ ന്യൂജഴ്സിയില്‍ 1995 ജൂലൈ മൂന്നിനാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആരംഭിച്ചത്. ബെല്‍ഫാസ്റ്റ് പ്രൊവിന്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് മേഖലയെപ്രതിനിധാനം ചെയ്യുന്നു.