ഓക്സ്ഫഡ് റീജിയണൽ ബൈബിൾ കലോത്സവം ശനിയാഴ്ച
അപ്പച്ചൻ കണ്ണഞ്ചിറ
Wednesday, October 22, 2025 2:48 PM IST
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫഡ് റീജിയണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ ശനിയാഴ്ച നടക്കും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വച്ചാവും വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.
ആതിഥേയ മിഷൻ ഡയറക്ടറും ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫഡ് റീജനൽ ഡയറക്ടർ), ഫാ. എൽവിസ് ജോസ് (ഓക്സ്ഫഡ് റീജനൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫഡ് റീജിയൺ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്തസംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും.
ഓക്സ്ഫഡ് റീജിയണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ (ജനറൽ കോഓർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജിയണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
ഓക്സ്ഫഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരയ്ക്കുവാൻ എത്തുക. റീജിയണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.
രാവിലെ എട്ടിന് മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഒമ്പതിന് ബൈബിൾ പ്രതിഷ്ഠയും 9.15 മുതൽ കലാമത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ രാത്രി ഏഴിന് പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ബൈബിൾ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.
വേദി: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON, NN4 6TP, NORTHAMPTON.