സ്നേഹ വീടിനായി കൈകോർത്ത് ഐഒസി യുകെ പീറ്റർബൊറോ യൂണിറ്റ്; ബിരിയാണി ചലഞ്ച് വൻ വിജയം
Wednesday, October 22, 2025 4:05 PM IST
പീറ്റർബോറോ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിക്കൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബോറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച സ്നേഹ വീടിന്റെ നിർമാണം പുരോഗമിക്കുന്നു.
പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചിരുന്നു.
ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബോറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഭവനത്തിന്റെ നിർമാണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നത്.
ഐഒസി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും ഫുഡ് ചലഞ്ച് പോലുള്ള പദ്ധതികളിലൂടെയാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നത്.
ഭവന നിർമാണ പദ്ധതിക്കായുള്ള ധനസമാഹരണാർഥം ഐഒസി യുകെ പീറ്റർബോറോ യൂണിറ്റിന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വലിയ വിജയമായി. രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ഈ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുക സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.
ഐഒസി യുകെ പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവർ ബിരിയാണി ചലഞ്ചിന്റെ നേതൃത്വവും എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടവും ഏറ്റെടുത്തു.
പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐഒസി യൂണിറ്റ് ഭാരവാഹികൾ - അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണമായ പങ്കാളിത്തമാണ് പരിപാടിയെ വൻവിജയമാക്കി മാറ്റിയത്. പരിപാടിയുടെ വിജയത്തിനായി ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും ഐഒസി യുകെ പീറ്റർബോറോ യൂണിറ്റ്, മിഡ്ലാൻഡ്സ് ഏരിയ ഭാരവാഹികൾ നന്ദി അറിയിച്ചു.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐഒസി യുകെ കേരള ചാപ്റ്റർ, പ്രവാസികളുടെ സ്നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് മുൻതൂക്കം നൽകുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് - റീജിയണുകൾ ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.