മുസ്ലിം സഹോദരങ്ങളുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭേദഗതി കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധവുമായി ‘ഇന്ത്യ' കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ ഉച്ചകഴിഞ്ഞ് ബിൽ സഭയിൽ അവതരിപ്പിക്കുന്പോൾത്തന്നെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ആരംഭിച്ചിരുന്നു.
അയോധ്യ ഭരണസമിതിയിലും ഗുരുവായൂർ ദേവസ്വം ബോർഡിലുമൊക്കെ ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉൾപ്പെടുത്താൻ സാധിക്കുമോയെന്നു ചോദിച്ച് കെ.സി. വേണുഗോപാൽ ബില്ലിനെ ശക്തമായി എതിർത്തു.
ആരാധനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളെയും ജൈനന്മാരെയും ലക്ഷ്യമിടും. തികച്ചും രാഷ്ട്രീയപ്രേരിതമാണു ഭേദഗതി- അദ്ദേഹം ആരോപിച്ചു.
സമാജ്വാദി പാർട്ടിയും ബില്ലിനെ എതിർത്തു രംഗത്തെത്തി. ആലോചിച്ചുറപ്പിച്ച രാഷ്ട്രീയമാണ് ഭരണകൂടം ഈ ബില്ലിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും ജനാധിപത്യപരമായ തെരഞ്ഞെടുപ്പു പ്രക്രിയ നിലനിൽക്കുന്പോൾ ആളുകളെ വഖഫ് ബോർഡിലേക്ക് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്നത് എന്തിനാണെന്നും സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ അഖിലേഷ് യാദവ് സഭയിൽ ചോദിച്ചു.