കർഷകർക്കു നേരേ കണ്ണീർവാതക പ്രയോഗം
സ്വന്തം ലേഖകൻ
Monday, December 9, 2024 2:39 AM IST
ന്യൂഡൽഹി: കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചു. ഇന്നു യോഗം ചേർന്നശേഷം അടുത്ത പ്രതിഷേധ നടപടികൾ തീരുമാനിക്കുമെന്ന് കർഷകർ അറിയിച്ചു.
ഇന്നലെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽനിന്ന് ഡൽഹിയിലേക്കു മാർച്ച് നടത്തിയ നൂറോളം കർഷകർക്കുനേരേ ശംഭു അതിർത്തിയിൽ വച്ച് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. സംഭവത്തിൽ 15 ഓളം കർഷകർക്ക് പരിക്കേറ്റു. തുടർന്ന് ഇന്നലത്തെ പ്രതിഷേധനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കർഷകരുമായി യാതൊരുവിധ ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയാറായിട്ടില്ല.
കാർഷിക ഉത്പന്നങ്ങളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ ഇന്നലെ രാവിലെയാണു ഡൽഹിയിലേക്കുള്ള മാർച്ച് പുനരാരംഭിച്ചത്. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഹരിയാന പോലീസ് കർഷകരെ തടയുകയിരുന്നു.
101 കർഷകരാണ് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിലേക്കു മാർച്ച് നടത്തിയത്. എന്നാൽ ഇവർ വലിയൊരു കൂട്ടമായിരുന്നുവെന്നും അതിനാലാണു കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടിവന്നതെന്നും പോലീസ് വ്യക്തമാക്കി. കണ്ണീർവാതക-ജലപീരങ്കി പ്രയോഗത്തെ പ്രതിരോധിക്കാൻ കണ്ണടകളണിഞ്ഞ് എത്തിയ കർഷകരെ പിന്നെ ബലം പ്രയോഗിച്ച് പോലീസ് നീക്കുകയായിരുന്നു.
ഡൽഹി പോലീസിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ കർഷകരെ രാജ്യതലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും അതിനായി തങ്ങളുടെ തിരിച്ചറിയൽ രേഖകൾ നൽകാൻ കർഷകർ തയാറാകുന്നില്ലെന്നും ഹരിയാന പോലീസ് ആരോപിച്ചു. പ്രതിഷേധം മുൻനിർത്തി ഡൽഹി പോലീസും അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുന്നുണ്ട്.
സമാധാനപരമായി മാർച്ച് ചെയ്യുന്ന തങ്ങളെ എന്തുകൊണ്ടാണു സർക്കാർ എതിർക്കുന്നതെന്ന് കർഷക നേതാവ് തേജ്വീർ സിംഗ് ചോദിച്ചു. ട്രാക്ടറുകളും ട്രോളികളുമായി ഡൽഹിയിലേക്ക് പോകുന്നതിനുമുന്പ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും എതിർപ്പ് ഉന്നയിച്ചിരുന്നു, എന്നാൽ ഇപ്പോൾ കാൽനടയായി പോകുന്പോഴും എന്തുകൊണ്ടാണ് തങ്ങളോട് ഇത്ര ദേഷ്യം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രതിഷേധത്തെത്തുടർന്ന് ഹരിയാനയിലെ അംബാല ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. കർഷകർ തന്പടിച്ചിരിക്കുന്ന ജില്ലയിലെ 11 വില്ലേജുകളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.