തരൂരിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിച്ചുകൂടേയെന്ന് കോടതി
Saturday, August 2, 2025 1:50 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേൾ എന്നു വിശേഷിപ്പിച്ച കോണ്ഗ്രസ് എംപി ശശി തരൂരിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിച്ചുകൂടേയെന്ന് ബിജെപി നേതാവും പരാതിക്കാരനുമായ രാജീവ് ബാബറിനോട് വാക്കാൽ ആരാഞ്ഞു സുപ്രീംകോടതി.
പൊതുജീവിതത്തിലുള്ളവർ ഇത്തരം പ്രസ്താവനകളിൽ വികാരഭരിതരാകരുതെന്നും ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എൻ. കോടേശ്വർ സിംഗ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേസിൽ തരൂരിനെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി നീട്ടി.
ബാബറിന്റെ പരാതിയിൽ വിചാരണക്കോടതി തരൂരിന് സമൻസ് അയച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തരൂർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് തരൂർ സുപ്രീംകോടതിയെ സമീപിച്ചത്. ഇരു കക്ഷികളുടെയും അഭിഭാഷകരുടെ ആവശ്യപ്രകാരം സെപ്റ്റംബർ 15ന് കേസിൽ വീണ്ടും വാദം കേൾക്കും.
മോദി ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടതായി ബംഗളൂരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെ തരൂർ പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഈ പ്രസ്താവന ശിവലിംഗത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതാണെന്നാണ് ബിജെപി നേതാവിന്റെ പരാതി.
തരൂരിന്റെ പരാമർശം തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ബാബർ പരാതിയിൽ പറഞ്ഞു. എന്നാൽ മറ്റൊരാൾ നടത്തിയ പ്രസ്താവന താൻ ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നാണ് തരൂരിന്റെ വാദം.