മഹാരാഷ്ട്രയിൽ മുതിർന്ന നേതാവടക്കം 60 മാവോയിസ്റ്റുകൾ കീഴടങ്ങി
Wednesday, October 15, 2025 2:21 AM IST
ഗഡ്ചിരോളി (മഹാരാഷ്ട്ര): മുതിര്‍ന്ന നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാലും 60 മാവോയിസ്റ്റുകളും പോലീസിനു മുന്‍പാകെ കീഴടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം, ദണ്ഡകാരണ്യ സ്പെഷല്‍ സോണല്‍ കമ്മിറ്റി (ഡികെഎസ്ഇസഡ്സി)യിലെ മൂന്ന് അംഗങ്ങള്‍, നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ഡിവിഷണല്‍ കമ്മിറ്റിയിലെ 10 അംഗങ്ങള്‍ എന്നിവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച രാത്രി 10ഓടെയാണ് ഇവര്‍ കീഴടങ്ങിയത്. ഹോദ്രി ഗ്രാമത്തില്‍നിന്ന് പോലീസ് വാഹനങ്ങളിലാണ് മാവോയിസ്റ്റുകളെ ഗാഡ്ചിരോളി പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഇവരുടെ പക്കല്‍ ഏഴ് എകെ 47 ഉം ഒമ്പത് ഇന്‍സാസ് റൈഫിളുകളും അടക്കം 54 ആയുധങ്ങളുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം ആദ്യം ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 103 നക്സലൈറ്റുകള്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.
ഭൂപതിയുടെ തലയ്ക്കു വിലയിട്ടത് ആറു കോടി!
രാജ്യത്ത് സിപിഐ (മാവോയിസ്റ്റ്) നേതാക്കളില്‍ പ്രധാനിയാണ് മല്ലോജുല വേണുഗോപാല്‍ റാവു. സോനു എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.
മഹാരാഷ്ട്ര -ഛത്തീസ്ഗഡ് സംസ്ഥാന അതിര്‍ത്തി മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാൾ. വിവിധ സംസ്ഥാനങ്ങള്‍ ഭൂപതിയുടെ തലയ്ക്ക് ആറു കോടിയിലധികം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴത്തെ മാവോയിസ്റ്റ് നേതൃത്വവുമായുണ്ടായ അകല്‍ച്ചയെത്തുടര്‍ന്നാണ് ഭൂപതി കീഴടങ്ങിയതെന്നാണു റിപ്പോർട്ട്.
സായുധ പോരാട്ടം പരാജയപ്പെട്ടുവെന്നു വാദിച്ച ഭൂപതി പൊതുജനപിന്തുണ കുറഞ്ഞതും നൂറുകണക്കിന് കേഡര്‍മാരെ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി സന്ധിസംഭാഷണത്തിലേക്ക് പോകണമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മാറണമെന്നും നിലപാടെടുത്തിരുന്നു.
ഈ വര്‍ഷം ആദ്യം ഭൂപതിയുടെ ഭാര്യയും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ പ്രവര്‍ത്തക കമ്മിറ്റി അംഗവുമായ താരകയും ഇതേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.