മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു
Tuesday, October 21, 2025 2:14 AM IST
സനു സിറിയക്
ന്യൂഡൽഹി: ഈ മാസം 26 മുതൽ മലേഷ്യയിലെ ക്വലാലംപുരിൽ നടക്കുന്ന 47-ാമത് ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്), കിഴക്കൻ ഏഷ്യ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വേദിയായേക്കും.
ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്ഥിരീകരിച്ചെങ്കിലും മോദി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ലഭിച്ചിട്ടില്ല.
എന്നാൽ മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മലേഷ്യൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹസൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന, റഷ്യ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ആസിയാൻ, കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയെത്തുടർന്ന് ഇന്ത്യക്കെതിരേ പിഴയടക്കം 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനും ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിൽ താൻ മധ്യസ്ഥത വഹിച്ചുവെന്നുള്ള നിരന്തര അവകാശ വാദങ്ങൾക്കുംശേഷം ഇതാദ്യമായാണ് ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു വേദിയൊരുങ്ങുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ ട്രംപിന്റെ അവകാശവാദങ്ങളും തീരുവനയവും പ്രതിപക്ഷം ചർച്ചയാക്കുന്നതിനിടയിലാണു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കിൽ തീരുവ ഇനത്തിൽ കൂടതൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഞായറാഴ്ചയും ട്രംപ് ആവർത്തിച്ചിരുന്നു.
കൂടാതെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകിയതായും ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ സംഭവവികാസങ്ങളെല്ലാം ഏതു രീതിയിൽ പ്രതിഫലിക്കുമെന്നതും ഏവരും ഉറ്റുനോക്കുന്നു.
അതേസമയം, ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം അവർത്തിക്കരുതെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവച്ചേക്കുമെന്ന് സൂചനയുണ്ട്.