ചാവേർ ആക്രമണം; കാബൂളിൽ 63 മരണം
Monday, August 19, 2019 12:16 AM IST
കാബൂൾ: പടിഞ്ഞാറൻ കാബൂളിൽ വിവാഹാഘോഷച്ചടങ്ങിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെടുകയും 182 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര ഷിയാ വിഭാഗങ്ങൾ താമസിക്കുന്ന മേഖലയിലെ ദുബായ് വെഡിംഗ് ഹാളിൽ ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം.
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദാരുൾ അമാൻ കൊട്ടാരത്തിനു സമീപമാണ് ഈ സ്ഥലം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.സാധാരണക്കാർക്കു നേരേ യുള്ള ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.
സ്ഫോടനത്തിൽ പങ്കില്ലെന്നു താലിബാൻ പറഞ്ഞാലും, അഫ്ഗാനിസ്ഥാനിൽ ഭീകരവാദം വളർത്തിയതിൽ അവർക്കുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രസിഡന്റ് ഗനി ആരോപിച്ചു.
പടിഞ്ഞാറൻ കാബൂളിലെ ദുബായി സിറ്റി വെഡിംഗ് ഹാളിൽ നടന്ന ആക്രമണത്തിൽ മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഹാളിൽ സംഗീതക്കച്ചേരി നടന്നുകൊണ്ടിരിക്കുന്പോഴാണു ചാവേർ സ്റ്റേജിനടുത്തെത്തി പൊട്ടിത്തെറിച്ചത്.
താലിബാനും യുഎസും സമാധാന നടപടികളുമായി ഏറെ മുന്നോട്ടുപോയപ്പോഴാണ് ഐഎസിന്റെ ഭീകരാക്രമണമെന്നതു ശ്രദ്ധേയമാണ്. ഭീകരാക്രമണം സമാധാനനീക്കത്തെ ബാധിക്കില്ലെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
ദോഹയിൽ എട്ടുവട്ടം ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും ഇതുവരെ കരാറിൽ ഒപ്പുവച്ചിട്ടില്ല. ഏതാനും ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരാനുണ്ടെന്നും തുടർചർച്ചകൾ ഉണ്ടാവുമെന്നുമാണു റിപ്പോർട്ട്. സമാധാനക്കരാർ ഒപ്പിട്ട് സൈന്യത്തെ പിൻവലിച്ച് 18 വർഷത്തെ അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിൽനിന്നു തലയൂരാനാണ് അമേരിക്കയുടെ ആഗ്രഹം.