വാക്സിന് ഇടവേള നീട്ടുന്നത് ജനിതകമാറ്റം വന്ന വൈറസ്ബാധ വർധിപ്പിക്കും: ഡോ. ആന്റണി ഫൗചി
Saturday, June 12, 2021 1:16 AM IST
ലണ്ടൻ: വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേളകള്‍ വർധിപ്പിക്കുന്നത് ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധയ്ക്ക് ഇടയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് നിർദേശങ്ങളിലാണ് ഇടവേള വർധിപ്പിച്ചത്.
വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള അനുയോജ്യമായ ഇടവേള ഫൈസറിന് മൂന്ന് ആഴ്ചയും മോഡേണയ്ക്ക് നാല് ആഴ്ചയുമാണ്. ഇടവേളകള്‍ വർധിപ്പിച്ചാലുള്ള പ്രശ്നം ആളുകൾ വകഭേദങ്ങൾക്ക് ഇരയാകും എന്നതാണ്. യുകെയില്‍, അവര്‍ ആ ഇടവേള നീട്ടിയത് ശ്രദ്ധയിൽപ്പെട്ടു. ആ കാലയളവില്‍ ആളുകൾക്ക് വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഷെഡ്യൂളില്‍ തുടരാനാണു ഞങ്ങൾ ശിപാർശ ചെയ്തത്- ഡോ.ഫൗചി പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള അന്തരം 12-16 ആഴ്ചയായി സര്‍ക്കാര്‍ നീട്ടിയിരുന്നു. എന്നാൽ - ആറ് മുതൽ എട്ടുവരെ ആഴ്ചകളായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോവിഷീല്‍ഡ് ഡോസേജ് ഇടവേളകള്‍ വർധിപ്പിച്ചത്. മാര്‍ച്ചില്‍ സംസ്ഥാനങ്ങളിലും ഈ വിടവ് 28 ദിവസത്തില്‍ നിന്ന് ആറ് - എട്ട് ആഴ്ചയായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു.
വാക്സിന് കടുത്ത ക്ഷാമം ഉണ്ടായതിനാലാണ് മാറ്റങ്ങള്‍ വേണ്ടിവന്നത് കൂടുതൽ ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നത്. ഇത് വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഗുണംചെയ്യുമെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം വിളിച്ചുവരുത്തുമെന്നും ഡോ. ഫൗചി പറഞ്ഞു.