വിദേശസേനകൾ ഉടൻ രാജ്യം വിടണം; അന്ത്യശാസനവുമായി താലിബാൻ
Monday, July 5, 2021 11:55 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന വിദേശസേനകൾ ഉടൻ രാജ്യം വിടണമെന്നു താലിബാന്റെ അന്ത്യശാസനം. നാറ്റോയുടെ സെപ്റ്റംബറിലെ പിൻമാറ്റ കാലയളവിനുശേഷം തുടരുന്നവർക്കു കാര്യങ്ങൾ പ്രയാസകരമാകുമെന്നാണു താലിബാന്റെ മുന്നറിയിപ്പ്. നയതന്ത്രജ്ഞർ, എൻജിഒകൾ, വിദേശ പൗരൻമാർ തുടങ്ങിയവർക്കു രാജ്യത്തു തുടരാമെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
1000 യുഎസ് ട്രൂപ്പുകൾ അഫ്ഗാനിൽ തുടരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു താലിബാൻ ഭീഷണിയുമായി രംഗത്തെത്തിയത്. നയതന്ത്ര ദൗത്യങ്ങൾ, കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സംരക്ഷണം എന്നിവയ്ക്കായാണ് യുഎസ് സൈന്യം തുടരുന്നത്. നാറ്റോയുടെ 20 വർഷ സൈനിക ദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചതിനുശേഷം അഫ്ഗാനിൽ അക്രമങ്ങൾ പെരുകുകയാണ്. താലിബാൻ കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി.
താലിബാനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണു യുഎസും നാറ്റോയും സൈനിക പിന്മാറ്റം പ്രഖ്യാപിക്കുന്നത്. അൽ ഖയ്ദയെയോ മറ്റു തീവ്രവാദ സംഘങ്ങളെയോ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കാൻ താലിബാൻ അനുവദിക്കരുതെന്ന നിബന്ധനയോടെയാണു പിന്മാറ്റം.
വേൾഡ് ട്രേഡ് സെന്റർ (9/11) ആക്രമണത്തിന്റെ 20-ാം വാർഷികമായ സെപ്റ്റംബർ 11ന് മുന്പ് അമേരിക്കൻ സേനയെ മുഴുവൻ പിൻവലിക്കണമെന്നാണു പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പിൻമാറ്റം പൂർത്തിയാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ സൈന്യം സന്പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ തയാറെടുക്കുന്നതിനിടെ കാബൂളിന്റെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ട്.