ഹാട്രിക് സിആര്‍7
Friday, August 8, 2025 11:20 PM IST
അല്‍ഗാര്‍വ് (പോര്‍ച്ചുഗല്‍): സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടി 2025-26 പ്രീ സീസണ് സന്നാഹ മത്സരത്തില്‍ ഹാട്രിക് സ്വന്തമാക്കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
പോര്‍ച്ചുഗല്‍ ക്ലബ്ബായ റിയോ ആവെ എഫ്സിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്. മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 4-0നു ജയം സ്വന്തമാക്കി.
15-ാം മിനിറ്റില്‍ മുഹമ്മദ് സിമാകന്റെ ഗോളില്‍ ലീഡ് നേടിയ അല്‍ നസറിനുവേണ്ടി 44, 63, 68 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ലഭിച്ച (63’) പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ അല്‍ നസറിന്റെ സെനഗല്‍ താരം സാദിയൊ മാനെയ്ക്കു സാധിച്ചില്ല.
ഫ്രഞ്ച് ക്ലബ്ബായ ടുലൂസ് എഫ്സിക്ക് എതിരായ സൗഹൃദ മത്സരത്തില്‍ അല്‍ നസര്‍ 2-0ന്റെ ജയം സ്വന്തമാക്കിയപ്പോള്‍ ഒരു ഗോള്‍ സിആര്‍7ന്റെ വകയായിരുന്നു. 2022 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയത്. ക്ലബ്ബിനായി ഇതുവരെ 111 മത്സരങ്ങളില്‍ 99 ഗോള്‍ സ്വന്തമാക്കി.