കൗ​​മാ​​ര​​ക്കാ​​രു​​ടെ സ്വ​​പ്‌​​ന​​ങ്ങ​​ള്‍​ക്കു ചി​​റ​​കു ന​​ല്‍​കു​​ന്ന​​താ​​ണ് നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന 2025 കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് (കെ​​സി​​എ​​ല്‍). ഇ​​തി​​നോ​​ട​​കം മി​​ക​​വ് തെ​​ളി​​യി​​ച്ച നി​​ര​​വ​​ധി കൗ​​മാ​​രതാ​​ര​​ങ്ങ​​ളാണ് വി​​വി​​ധ ടീ​​മു​​ക​​ളി​​ല്‍ ഇ​​ടം നേ​​ടി​​യി​​ട്ടു​​ള്ള​​ത്. അ​​ഹ്‌​മ​​ദ് ഇ​​മ്രാ​​ന്‍, ആ​​ദി​​ത്യ ബൈ​​ജു, ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോം, ​​ജോ​​ബി​​ന്‍ ജോ​​ബി, കെ.​​ആ​​ര്‍. രോ​​ഹി​​ത് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ത​​രം​​ഗം സൃ​​ഷ്ടി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ശ്ര​​ദ്ധേ​​യ കൗ​​മാ​​ര​​ക്കാ​​ര്‍.

പ​​യ്യ​​ന്‍​സ് രോ​​ഹി​​ത്

ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാ​​ര​​നാ​​ണ് തൃ​​പ്പൂ​​ണി​​ത്തു​​റ സ്വ​​ദേ​​ശി​​യാ​​യ കെ.​​ആ​​ര്‍. രോ​​ഹി​​ത്ത്. 16-ാം ​​വ​​യ​​സി​​ല്‍ കേ​​ര​​ള​​ത്തി​​നാ​​യി അ​​ണ്ട​​ര്‍ 19 ക​​ളി​​ച്ചു. അ​​ടു​​ത്തി​​ടെ ന​​ട​​ന്ന എ​​ന്‍​എ​​സ്‌​​കെ ട്രോ​​ഫി​​യി​​ല്‍ ഫൈ​​ന​​ലി​​ലെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തും രോ​​ഹി​​ത് ആ​​യി​​രു​​ന്നു. കെ​​സി​​എ​​ല്ലി​​ല്‍ തൃ​​ശൂ​​ര്‍ ടൈ​​റ്റ​​ന്‍​സാ​​ണ് രോ​​ഹി​​തി​​നെ ഇ​​ത്ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഏ​​ദ​​ന്‍ & ആ​​ദി​​ത്യ

കേ​​ര​​ള​​ത്തി​​ന്‍റെ ഫാ​​സ്റ്റ് ബൗ​​ളിം​​ഗ് പ്ര​​തീ​​ക്ഷ​​ക​​ളാ​​ണ് ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോ​​മും ആ​​ദി​​ത്യ ബൈ​​ജു​​വും. 16-ാം വ​​യ​​സി​​ല്‍ കേ​​ര​​ള​​ത്തി​​നാ​​യി ര​​ഞ്ജി ട്രോ​​ഫി​​യി​​ല്‍ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച താ​​ര​​മാ​​ണ് ഏ​​ദ​​ന്‍. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ത​​ന്നെ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്‌​​കാ​​ര​​വും നേ​​ടി. ര​​ഞ്ജി​​യി​​ല്‍ വി​​ദ​​ര്‍​ഭ​​യ്‌​​ക്കെ​​തി​​രേ​​യു​​ള്ള ര​​ഞ്ജി ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ അ​​ട​​ക്കം ഏ​​ദ​​ന്‍ കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി ക​​ളി​​ച്ചി​​രു​​ന്നു. കൊ​​ല്ലം സെ​​യ്‌​​ലേ​​ഴ്‌​​സി​​നൊ​​പ്പ​​മാ​​ണ് ഏ​​ദ​​ന്‍ കെ​​സി​​എ​​ല്ലി​​നെ​​ത്തു​​ന്ന​​ത്.

എം​​ആ​​ര്‍​എ​​ഫ് പേ​​സ് ഫൗ​​ണ്ടേ​​ഷ​​നി​​ല്‍ പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ താ​​ര​​മാ​​ണ് ആ​​ദി​​ത്യ. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ കു​​ച്ച് ബി​​ഹ​​ര്‍ ട്രോ​​ഫി, വി​​നു മ​​ങ്കാ​​ദ് ട്രോ​​ഫി തു​​ട​​ങ്ങി​​യ ജൂ​​ണി​​യ​​ര്‍ ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ മി​​ന്നും പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ആ​​ദി​​ത്യ ആ​​ല​​പ്പി റി​​പ്പി​​ള്‍​സ് ക്യാ​​മ്പി​​ലു​​ണ്ട്.


പ​​ക്വ​​ത​​യോ​​ടെ ഇ​​മ്രാ​​ന്‍

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ അ​​ണ്ട​​ര്‍ 19 ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന അ​​ഹ്‌​മ​​ദ് ഇ​​മ്രാ​​നാ​​ണ് മ​​റ്റൊ​​രു യു​​വ​​താ​​രം. ര​​ഞ്ജി ട്രോ​​ഫി സെ​​മി ഫൈ​​ന​​ലി​​ലൂ​​ടെ കേ​​ര​​ള സീ​​നി​​യ​​ര്‍ ടീ​​മി​​നാ​​യും അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​പ്പ​​നം​​കോ​​ട് സ്വ​​ദേ​​ശി​​യാ​​യ അ​​ഹ്‌​മ​​ദ് കേ​​ര​​ള​​ത്തി​​നാ​​യി വി​​വി​​ധ കാ​​റ്റ​​ഗ​​റി​​ക​​ളി​​ല്‍ ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ബാ​​റ്റിം​​ഗി​​നൊ​​പ്പം ഓ​​ഫ് സ്പി​​ന്ന​​റെ​​ന്ന നി​​ല​​യി​​ലും മി​​ക​​വ് തെ​​ളി​​യി​​ച്ചു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ തൃ​​ശൂ​​ര്‍ ടൈ​​റ്റ​​ന്‍​സി​​നാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​വ​​ച്ച അ​​ഹ്‌​മ​​ദ് ഇ​​മ്രാ​​നെ (229 റ​​ണ്‍​സും 5 വി​​ക്ക​​റ്റും) 3 ല​​ക്ഷം രൂ​​പ​​യ്ക്ക് ഇ​​ത്ത​​വ​​ണ ലേ​​ല​​ത്തി​​ല്‍ തി​​രി​​ച്ചെ​​ത്തി​​ച്ചു.

ഓ​​ള്‍​റൗ​​ണ്ട്‍ ജോ​​ബി​​ന്‍

കേ​​ര​​ള​​ത്തി​​ന്‍റെ അ​​ണ്ട​​ര്‍ 19 ടീ​​മം​​ഗ​​മാ​​യ ജോ​​ബി​​ന്‍ ജോ​​ബി ക​​ഴി​​ഞ്ഞ കെ​​സി​​എ​​ല്‍ സീ​​സ​​ണി​​ല്‍ ശ്ര​​ദ്ധേ​​യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു. കൂ​​റ്റ​​ന​​ടി​​ക​​ളി​​ലൂ​​ടെ ശ്ര​​ദ്ധേ​​യ​​നാ​​യ ജോ​​ബി​​ന്‍ ഫാ​​സ്റ്റ് ബൗ​​ളിം​​ഗ് ഓ​​ള്‍​റൗ​​ണ്ട​​ര്‍ കൂ​​ടി​​യാ​​ണ്. കെ​​സി​​എ പ്ര​​സി​​ഡ​​ന്‍റ്‌​​സ് ക​​പ്പി​​ല്‍ മി​​ക​​ച്ച ഓ​​ള്‍ റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ പ​​ര​​മ്പ​​ര​​യു​​ടെ താ​​ര​​മാ​​യും ബെ​​സ്റ്റ് പ്രോ​​മി​​സിം​​ഗ് താ​​ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ 252 റ​​ണ്‍​സ് നേ​​ടി​​യ ജോ​​ബി​​നെ കൊ​​ച്ചി ഇ​​ത്ത​​വ​​ണ​​യും സ്വ​​ന്ത​​മാ​​ക്കി. തൊ​​ടു​​പു​​ഴ കാ​​ഞ്ഞി​​ര​​മ​​റ്റം സ്വ​​ദേ​​ശി​​യാ​​ണ്.