നിക്ഷേപകർക്കു നഷ്ടമായത് ആറു ലക്ഷം കോടി രൂപ
Friday, August 1, 2025 11:23 PM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണികളിൽ ഇന്നലെ തകർച്ച നേരിട്ടു. ഇന്ത്യക്കുമേൽ യുഎസ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന തീരുവകളെക്കുറിച്ചുള്ള ആശങ്കൾ, 2025-26 സാന്പത്തികവർഷത്തിലെ ആദ്യ പാദത്തിലെ മങ്ങിയ വരുമാനം, വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് ഇടിവിനു കാരണമായത്.
ബിഎസ്ഇ സെൻസെക്സ് 586 പോയിന്റ് (0.72%) താഴ്ന്ന് 80,599.91ലും എൻഎസ്ഇ നിഫ്റ്റി 203 പോയിന്റ് (0.82%) നഷ്ടത്തിൽ24,565.35ലും ഇന്നലെ വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളിലും നഷ്ടമുണ്ടായി. ബിഎസ്ഇ മിഡ്കാപ് 1.37 ശതമാനവും സ്മോൾകാപ് 1.59 ശതമാനവും താഴ്ന്നു. നിഫ്റ്റി മിഡ്കാപും സമോൾകാപും യഥാക്രമം 1.33 ശതമാനവും 1.66 ശതമാനവും നഷ്ടത്തിലായി.
വിൽപ്പന സമ്മർദ്ദം കനത്തതോടെ നിക്ഷേപകരുടെ സന്പാദ്യത്തിൽ ആറുലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം 450 ലക്ഷം കോടി രൂപയിൽ നിന്ന് 444 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ നഷ്ടത്തിന്റെ പ്രധാന കാരണങ്ങൾ 1. ട്രംപിന്റെ തീരുവ പ്രഖ്യാപനം
യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന്റെ പ്രത്യാഘാതം വിപണിയെ ഒരു പരിധി വരെ അനിശ്ചതത്വമുണ്ടാക്കി. യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
ഓഗസ്റ്റ് ഏഴു മുതൽ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രാബല്യത്തിൽ വരും. ഇതിൽ ഫാർസ്യൂട്ടിക്കൽസ്, എപിഐകൾ, ഉൗർജോത്പന്നങ്ങൾ, സ്മാർട്ട്ഫോണ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ, സെമികണ്ടക്ടറുകൾ എന്നിവയടങ്ങുന്നു. തീരുവയ്ക്കു പുറമെ ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് അധിക പിഴ ചുമത്തുമെന്നും ട്രംപിൽനിന്ന് പ്രഖ്യാപനമുണ്ടായി.
2. വിദേശ നിക്ഷേപകരുടെ വിൽപ്പന
വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നുള്ള വിൽപ്പന ശക്തമായി തുടരുകയാണ്.
ജൂലൈയിൽ, മൂല്യനിർണ്ണയത്തിലെ ഇടിവ്, വരുമാനം കുറയൽ, ഡോളർ സ്ഥിരത എന്നിവ കാരണം വിദേശ നിക്ഷേപകർ പണം വിഭാഗത്തിൽ 47,667 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. താരിഫ് പ്രഹരത്തിനിടയിലും വിൽപ്പന തുടർന്നേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയിൽ വിപണിയിൽ വില്പനക്കാരായിമാറി. വ്യാഴാഴ്ച മാത്രം 5,588.91 കോടി രൂപ മൂല്യത്തിലുള്ള ഓഹരികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ഒന്പത് സെഷനുകളിലായി എഫ്ഐഐകളുടെ മൊത്തം വിൽപ്പന 27,000 കോടി രൂപ കവിഞ്ഞു.
3. ഡോളർ വില ഉയരുന്നു
ഡോളർ വില ഉയരുന്നത് ഇന്ത്യൻവിപണിയെ ബാധിച്ചു. നൂറു കടന്ന് മുന്നേറിയ ഡോളർ സൂചിക മേയ് 29നുശേഷമുള്ള ഉയർന്ന തലത്തിലെത്തി.
ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികൾക്ക് ഡോളർ ശക്തിപ്പെടുന്നത് തിരിച്ചടിയാണ്. കാരണം അത് വിദേശ മൂലധന ഒഴുക്ക് കൂടുതൽ ത്വരിതപ്പെടുത്തുകയും രാജ്യത്തിന്റെ കറൻസിയെ ദുർബലപ്പെടുത്തുകയും കന്പനികളുടെ ഇൻപുട്ട് ചെലവുകൾ വർധിപ്പിക്കുകയും ചെയ്തേക്കാം.
4. ദുർബലമായ ആഗോള സൂചനകൾ
യുഎസ് തൊഴിൽ നിരക്കുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയും പുതിയ തീരുവകൾ നിക്ഷേപകർ അംഗീകരിക്കുകയും ചെയ്തതോടെ ഏഷ്യൻ വിപണികളിൽ വലിയ വിൽപ്പന സമ്മർദം നേരിട്ടു. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, ഹോങ്കോങ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.