സ്കൂള്‍ സമയമാറ്റം: സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരം പ്രഖ്യാപിച്ചു സമസ്ത
Friday, July 11, 2025 2:17 AM IST
കോഴിക്കോട്: സ്കൂള്‍ പഠനസമയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രത്യക്ഷസമരം പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്കു മുമ്പിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിനു മുമ്പിലും ധര്‍ണ നടത്തും. സമസ്തയുടെ മദ്രസ പഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന സമരപ്രഖ്യാപന കണ്വന്ഷനിലാണു തീരുമാനം.
മദ്രസാ പഠനത്തെ ബാധിക്കാതെ തന്നെ സ്കൂള്‍ സമയം നീട്ടാന്‍ സാധിക്കുമെന്നും അതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സമസ്തയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യമുയര്‍ന്നു.
അതിനിടെ സമസ്തയ്ക്കൊപ്പം ചേര്‍ന്ന് പ്രത്യക്ഷ സമരത്തിനില്ലെന്ന മുസ്ലിം ലീഗിന്റെ നിലപാട് ചര്‍ച്ചയായിട്ടുണ്ട്. സമയമാറ്റം പുനഃപരിശോധിക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.