സ്കൂൾ ഉച്ചഭക്ഷണം: മെനുവിൽ കുരുങ്ങി മുഖ്യാധ്യാപകർ
Friday, July 11, 2025 2:17 AM IST
അനുമോൾ ജോയ്
കണ്ണൂർ: എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ്... പുതിയ സ്കൂൾ ഉച്ചഭക്ഷണ മെനു കേട്ട് ആവേശത്തോടെ സ്കൂളിൽ പോയ കുട്ടികൾക്ക് ഇപ്പോൾ നിരാശ.
തുടക്കത്തിൽ കുറച്ചു ദിവസം മെനു അനുസരിച്ചുള്ള ഭക്ഷണം സംസ്ഥാനത്ത് ചുരുക്കം ചില സ്കൂളുകളിൽ നല്കിയെങ്കിലും ഇപ്പോൾ പഴയ മെനുവിലാണു ഭക്ഷണം. ചോറിനൊപ്പം സാന്പാർ, ഉപ്പേരി, മോരുകറിയും പോഷകാഹാരമായി മുട്ടയും പാലും നല്കുന്നുണ്ട്.
സർക്കാർ പറഞ്ഞിരിക്കുന്ന മെനു തയാറാക്കിയ സ്കൂളുകളിലെ അധ്യാപകരുടെ പോക്കറ്റ് കാലിയായ സ്ഥിതിയാണ്. ഇരട്ടി സാന്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ മിക്ക സ്കൂളുകളിലെയും മുഖ്യാധ്യാപകർ ഇതിനു മെനക്കെടാറില്ല.
പുതിയ മെനു അനുസരിച്ച് 700 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിന് ഒരു മാസം ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് സർക്കാർ കൃത്യമായി നല്കിയില്ലെങ്കിൽ അധ്യാപകർക്ക് ബാധ്യതയാകും.
നിലവിൽ പുതിയ മെനു നല്കിയ സ്കൂളുകൾക്കും പഴയ മെനു അനുസരിച്ച് ഭക്ഷണം നല്കിയ സ്കൂളുകൾക്കും ഫണ്ട് ലഭിച്ചിട്ടില്ല. മിക്ക സ്കൂളുകളിലെയും മുഖ്യാധ്യാപകർ ഇപ്പോൾത്തന്നെ കടക്കെണിയിലാണ്. ഈ മാസം ഉച്ചഭക്ഷണം നല്കുന്നതിന് െഅധ്യാപകർ നെട്ടോട്ടമോടുകയാണ്.
വൈവിധ്യമാർന്ന ഇനങ്ങൾ മെനുവിൽ കയറിപ്പറ്റിയെങ്കിലും അതിനനുസരിച്ച് പണം സർക്കാർ അനുവദിച്ചിട്ടില്ല. ഇത്രയും വിഭവങ്ങൾ കുറഞ്ഞ സമയത്തിൽ ആരുണ്ടാക്കും എന്നതും പ്രശ്നമാണ്. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് ഇപ്പോഴത്തെയും സർക്കാർ കണക്ക്.
ഒരു കുട്ടിക്ക് എൽപി ക്ലാസിൽ 6.78 രൂപയും യുപി മുതൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് ഒരു ദിവസം അനുവദിക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് നിരക്കിൽ മാറ്റം വരാം.അരി മാവേലി സ്റ്റോറുകളിൽനിന്നു ലഭിക്കും. പാചകക്കൂലി സർക്കാർ നൽകും.
പാചകവാതകവും, പച്ചക്കറികളും എത്തിക്കാനുള്ള വാഹനക്കൂലി ചേർത്താണ് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 60 പൈസയുടെ നാമമാത്ര വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്.