മുങ്ങിമരണങ്ങള്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
Friday, July 11, 2025 2:17 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത്തരം ദുരന്തങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷം ചെല്ലുന്തോറും കേരളത്തില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാത്രം കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലായി മുങ്ങി മരിച്ചത് അഞ്ചു പേരാണ്. മുങ്ങി മരിക്കുന്നവരിലേറെയും കുടുംബത്തിന് അത്താണിയാകേണ്ട യുവജനങ്ങളാണ്. വാഹനാപകട മരണത്തില്‍ ഇൻഷ്വന്സും മറ്റു ധനസഹായവും ലഭിക്കും. ബോട്ടപകടങ്ങള്‍ക്കും ഇൻഷ്വന്‍സ് പരിരക്ഷയുണ്ട്.
എന്നാല്‍ മുങ്ങിമരണത്തില്‍ ഒരു പരിരക്ഷയുമില്ല. ഉത്തര്‍പ്രദേശ്, മേഘാല, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ മുങ്ങിമരണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിവരുന്ന സാഹചര്യത്തിലാണ് കേരളവും ഇക്കാര്യം സജീവമായി പരിഗണിക്കണമെന്ന ആവശ്യമുയരുന്നത്. 2018 ലാണ് ഒഡീഷ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുങ്ങിമരണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നാലുലക്ഷം രൂപ വീതം നല്കിത്തുടങ്ങിയത്.
2018-2023 കാലയളവില്‍ ഒഡീഷയില്‍ ഏകദേശം 7874 ആളുകള്‍ മുങ്ങിമരിച്ചുവെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്ക്. കിണര്‍, നദി, തടാകം, കനാല്‍, ഓവുചാല്‍, വെള്ളക്കെട്ട്, വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ മുങ്ങി മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് 2021ലാണ്. സമാനമായ മുങ്ങിമരണങ്ങളെ 2024ല്‍ മേഘാലയ സര്‍ക്കാരും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു.
കേരളത്തില്‍ മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ കാര്യമായ ബോധവത്കരണമോ സര്‍ക്കാര്‍തല പരിശീലനങ്ങളോ കുറവായിരിക്കെ ഇത്തരം ദുരന്തങ്ങളെ സവിശേഷദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
കേരളത്തില്‍ 2023ല്‍ മാത്രം 1040 മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 11,947 പേര് മുങ്ങി മരിച്ചുവെന്നാണ് കണക്ക് . ഇതില്‍ 22 ശതമാനം മാത്രമാണ് ആത്മഹത്യകള്‍.
ഉത്തര്‍പ്രദേശ്, ഒഡീഷ, മേഘാലയ സംസ്ഥാനങ്ങള്‍ ആത്മഹത്യകളെ സംസ്ഥാന സവിശേഷദുരന്ത പ്രഖ്യാപനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ കണക്കു പ്രകാരം ഇന്ത്യയില്‍ ഓരോ വര്‍ഷവും മുങ്ങിമരിക്കുന്നത് 60,000-80,000ത്തിനുമിടയില്‍ ആളുകളാണ്. ശരാശരി ദിനംപ്രതി 80 മരണങ്ങളാണ് സംഭവിക്കുന്നത്.
മരിക്കുന്നതില്‍ 75 ശതമാനവും യുവാക്കളാണ്. വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കാനിറങ്ങുന്നവരും മുങ്ങിമരിക്കുന്ന സംഭവങ്ങളും കുറവല്ല. കേരളത്തില്‍ വേനലവധിക്കാലത്ത് കുട്ടികളാണു കൂടുതല്‍ മുങ്ങിമരിക്കുന്നത്.
കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും 1200ലധികം ആളുകളാണ് മുങ്ങിമരിക്കുന്നതെന്നും മരണം കുറയ്ക്കാന്‍ ബോധവത്ക്കരണം നടത്തണമെന്നും ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.
മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാനിര്വഹണരംഗത്തെ ഒരു അനാഥപ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ഇതിനെതിരേ ബോധവത്ക്കരണം നടത്താന്‍ റോഡ് സുരക്ഷാ അഥോറിറ്റി പോല ഒരു അഥോറിറ്റിയോ റോഡ് സുരക്ഷയ്ക്കുള്ളതു പോലെ ഫണ്ടോ ഇല്ല എന്നതാണു യാഥാര്‍ഥ്യം.
വാസ്തവത്തില്‍ ബോധവത്കരണം നല്കിയാല് കേരളത്തിലെ അപകടമരണങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ കുറവു വരുത്താവുന്നത് മുങ്ങിമരണമാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.