കീം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു
Friday, July 11, 2025 2:50 AM IST
കൊച്ചി: കേരള എന്‍ജിനിയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും തിരിച്ചടി. കീം ഫലവും റാങ്ക് ലിസ്റ്റും റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു.
മുന്‍ നിശ്ചയിച്ച പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അഡ്മിഷന് നടപടികള്‍ തുടരാനും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
റാങ്ക് പട്ടികയ്ക്കുള്ള വെയിറ്റേജ് നിര്‍ണയത്തിനായി സര്‍ക്കാര്‍ അവസാനനിമിഷം കൊണ്ടുവന്ന ഫോര്‍മുല, സ്റ്റാന്ഡഡൈസേഷന് റിവ്യൂ കമ്മിറ്റി ശിപാര്‍ശ ചെയ്യാത്ത കാര്യമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ വരുത്തിയ മാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു സിംഗിള്‍ ബഞ്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. സ്റ്റാന്ഡഡൈസേഷന് റിവ്യൂ കമ്മിറ്റിയുടെയടക്കം ശിപാര്‍ശപ്രകാരമാണു പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയതെന്ന് അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. ഇതിനായി മന്ത്രിസഭ ഫലപ്രഖ്യാപനത്തിനു തലേന്ന് തീരുമാനമെടുത്തിരുന്നുവെന്നും അറിയിച്ചു. എന്നാല്‍, സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഫോര്‍മുലയ്ക്ക് റിവ്യൂ കമ്മിറ്റി ശിപാര്‍ശകളുമായി ബന്ധമില്ലെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു.
കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്കിന് 5:3:2 എന്ന പുതിയ അനുപാതം കൊണ്ടുവന്നത് ഇത്തരത്തിലാണെന്നും ചൂണ്ടിക്കാട്ടി. തികച്ചും വ്യത്യസ്തമായ തീരുമാനമാണ് അവസാന മണിക്കൂറില്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. നേരത്തേ നിലനിന്നിരുന്ന രീതിയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പ്രവേശനനടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശം നല്കി.
പ്ലസ്ടു യോഗ്യതാപരീക്ഷ പാസായത് ഏതു ബോര്‍ഡിനു കീഴിലായാലും പ്രവേശനപരീക്ഷാ മാര്‍ക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായി കൊണ്ടുവന്നതാണ് ഭേദഗതിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
നിലവിലെ രീതി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു മേല്ക്കൈയുണ്ടാക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് എല്ലാവര്ക്കും തുല്യ അവസരം നല്കുന്ന സംവിധാനമെന്ന നിലയില്‍ ഭേദഗതി നടപ്പാക്കിയത്.
നിലവിലെ രീതിയിൽ സംസ്ഥാന സിലബസ് പ്രകാരം പ്ലസ്ടു വിജയിച്ചവരുടെ മാര്‍ക്ക് സിബിഎസ്ഇ വിദ്യാര്ഥികളുടേതിനൊപ്പം തുല്യമായി പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. അവസരസമത്വം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനായാണ് ഒരു വിദ്യാര്‍ഥിക്കും ദോഷമാകാത്തവിധം ഭേദഗതി നടപ്പാക്കിയത്. ഇതോടെ മുമ്പുണ്ടായിരുന്ന അസമത്വം ഇല്ലാതായെന്ന് സര്‍ക്കാര്‍ അപ്പീലില്‍ അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 1:1:1 എന്ന നിലയിലായിരുന്നു അനുപാതം. ഇത് ജൂലൈ ഒന്നിന് വൈകുന്നേരം 4.48ന് പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തി യഥാക്രമം 5:3:2 എന്നാക്കി.
പിന്നാലെ ഒരു മണിക്കൂറിനുശേഷം 5.48ന് പ്രവേശനപരീക്ഷയുടെ ഫലപ്രഖ്യാപനവും റാങ്ക് പട്ടിക പ്രസിദ്ധീകരണവും നടന്നു. ഈ നടപടിയെയാണ് സിംഗിള്‍ ബെഞ്ച് വിമര്‍ശിക്കുകയും തുടര്‍ന്ന് പട്ടിക റദ്ദാക്കുകയും ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതയില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.