വളർത്തുപൂച്ചയുടെ കടിയേറ്റ് വിദ്യാർഥിനി മരിച്ചു
Friday, July 11, 2025 2:17 AM IST
പന്തളം: വളർത്തുപൂച്ചയുടെ കടിയേറ്റ് വാക്സിൻ എടുത്ത് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു.
പന്തളം കടയ്ക്കാട് മണ്ണിൽ തെക്കേതിൽ സുമയ്യ മൻസിൽ അഷ്റഫ് റാവുത്തർ - സജിന ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ് (11) മരിച്ചത്. തോന്നല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ രണ്ടിന് വീട്ടിലെ വളർത്തുപൂച്ച ഹന്നാ ഫാത്തിമയുടെ ശരീരത്തിൽ നഖം കൊണ്ട് മാന്തിയിരുന്നു. മുറിവേറ്റ കുട്ടിയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നൽകുകയും ചെയ്തു.
രണ്ടാംഘട്ട പ്രതിരോധ കുത്തിവയ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി. കുത്തിവയ്പെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ബന്ധുക്കൾ വീണ്ടും കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശാരീരിക അസ്വസ്ഥത വർധിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. എന്നാൽ മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.സംസ്കാരം ഇന്ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.