സമരക്കളമായി കേരള
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലറും രജിസ്ട്രാറും ഭാരതാംബ ചിത്രവിവാദത്തിൽ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇന്നലെ ഇടത് യുവജന സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും.
ഇന്നലെ രാവിലെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകരെ സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു. പോലീസിനെ മറികടന്ന് സർവകലാശാല ആസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർച്ചയായ ജലപീരങ്കി പ്രയോഗത്തിനു ശേഷമാണ് പ്രവർത്തകരെ പിരിച്ചുവിടാൻ കഴിഞ്ഞത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് മാർച്ച് ഉദ്ഘാടനം ചെയ്തു. സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആർഎസ്എസ് ഏജന്റായി മാറുകയാണെന്നും സംഘപരിവാർ അജൻഡ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുതെന്നും സനോജ് ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രതിഷേധത്തിനു പിന്നാലെ സർവകലാശാലയിലേക്ക് എഐവൈഎഫ് പ്രവർത്തകരും പ്രതിഷേധമാർച്ച് നടത്തി. എഐവൈഎഫ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. എഐഎസ്എഫ് പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ കയറി മുദ്രാവാക്യം വിളിച്ചു. പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.