രാസവളം വിലവർധന കാർഷികമേഖലയെ തകർക്കും: പി. പ്രസാദ്
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രാസവളം വിലവർധന രാജ്യത്തെ കാർഷികമേഖലയെ സാരമായി ബാധിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ്. പൊട്ടാഷ് ചാക്കിന് 250 രൂപയും ഡൈമോണിയം ഫോസ്ഫേറ്റ് (ഡിഎപി) 150 രൂപയും എൻപികെ മിശ്രിത വളങ്ങൾക്ക് 250 രൂപ വരെയുമാണ് വില വർധന.
രാസവളങ്ങളുടെ സബ്സിഡി കേന്ദ്രം വെട്ടിക്കുറച്ചതിനാലാണ് വർധനയുണ്ടായത്. പൊട്ടാഷ് വളങ്ങളുടെ അന്താരാഷ്ട്ര വിലകുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വിലവർധന. അന്താരാഷ്ട്ര വിലക്കുറവിന്റെ ആനുകൂല്യം ഇന്ത്യയിലെ കർഷകർക്കു നൽകുന്നില്ലെന്നു മാത്രമല്ല വളം സബ്സിഡി കുറച്ചുകൊണ്ട് വിലവർധന കർഷകരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. 2024ൽ നെല്ല് ഉത്പാദന ചെലവ് ഒരേക്കറിന് 28,000 രൂപാ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 40,000 രൂപയായി. തെങ്ങിന്റെയും മറ്റു കൃഷികളുടേയും സ്ഥിതി ഇതുതന്നെയാണ്.
കേരളത്തിൽ ചെറുകിട കർഷകർ കൂടുതലാണ്. സബ്സിഡി അടിസ്ഥാനമാക്കിയ കൃഷിരീതികളാണ് കേരളത്തിൽ ഫലപ്രദമായി നടക്കുന്നത്. കേന്ദ്രം വളവില കൂട്ടിയതോടെ കൃഷി ഒട്ടും ലാഭകരമാകില്ല. കേന്ദ്രം ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടു.