നുവാൽസിലേക്കുള്ള നിയമനത്തിന് ഇനി പിഎസ്സി ഇല്ല
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) അനധ്യാപക നിയമനം പിഎസ്സിയിൽനിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. പകരം സർവകലാശാല തന്നെ നിയമനം നടത്തും.
2016ലെ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്ടിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്ന നുവാൽസിനെ ആക്ടിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള ഭേദഗതി ഓർഡിനൻസിന്റെ കരടിനു മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഓർഡിനൻസ് അംഗീകരിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു. ഇതര സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്ക് വിടാൻ കൊണ്ടുവന്ന നിയമത്തിന്റെ പരിധിയിൽ നിയമസർവകലാശാലയായ നുവാൽസിനെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് നേരത്തേതന്നെ പരാതി ഉയർന്നിരുന്നു.
സ്വാശ്രയ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന നുവാൽസിൽ ഇതര സർവകലാശാലയിൽ ജീവനക്കാരെ നിയമിക്കുന്ന രീതിയിലല്ല നിയമനം നടത്തുന്നത്. കരാർ സ്വഭാവത്തിൽ നിയമനം നടത്തുന്ന ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളില്ല.
മറ്റ് സർവകലാശാലകളിലെ ജീവനക്കാർക്കു ബാധകമായ ശമ്പള സ്കെയിലും സേവന വേതന വ്യവസ്ഥകളും നുവാൽസിൽ ബാധകമല്ല. അതിനാൽ തന്നെ പിഎസ്സി റാങ്ക് പട്ടികവഴി നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളവും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണ്.
നിലവിൽ പിഎസ്സി റാങ്ക് പട്ടിക വഴി നിയമിക്കപ്പെട്ട ഏഴ് അസിസ്റ്റന്റുമാർ നുവാൽസിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ഉൾപ്പെടെയുള്ള ജീവനക്കാരും സർവകലാശാല രജിസ്ട്രാറും ഇക്കാര്യം സർക്കാറിനെ അറിയിച്ചിരുന്നു.