ജോണ്‍ കച്ചിറമറ്റത്തിന്റെ സംഭാവനകൾ ചരിത്രത്തിൽ നിലനിൽക്കും: മാർ പാംപ്ലാനി
Friday, July 11, 2025 2:17 AM IST
പാലാ: ജോൺ കച്ചിറമറ്റത്തിന്റെ സംഭാവനകളെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസപ് പാംപ്ലാനി.
ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
സമുദായത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും വരുംതലമുറയ്ക്ക് ഗൃഹപാഠമാക്കാന് പറ്റും വിധം സംയോജിപ്പിക്കുകയും ചെയ്തത് ജോണ്‍ കച്ചിറമറ്റത്തിന്റെ വലിയ സംഭാവനയാണെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.
മലബാര്‍ കുടിയേറ്റവും ക്രിസ്താനികളുടെ സംഭാവനകളും സംബന്ധിച്ച് ലഭ്യമായിട്ടുള്ള ഏറ്റവും ബൃഹത്തും ആധികാരികവുമായ ചരിത്ര ഉറവിടങ്ങളാണ് ജോണ്‍ കച്ചിറമറ്റത്തിന്റെ ലേഖനങ്ങള്‍.
മലബാറിലെ മനുഷ്യര്‍ക്കുവേണ്ടി കുടിയിറക്ക് കാലഘട്ടത്തിലും അല്ലാത്തപ്പോഴും വള്ളോപ്പള്ളി പിതാവിനൊപ്പം ഇടതുകൈയായും വലതുകൈയായും അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും മാർ പാംപ്ലാനി പറഞ്ഞു.
ഇന്നലെ പിഴകിലെ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ ബിഷപ് വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, എകെസിസി പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന് ചെയര്മാന് മാത്യു എം. കണ്ടത്തില്‍ സ്വാഗതവും ആന്‍സമ്മ കച്ചിറമറ്റം കൃതജ്ഞതയും പറഞ്ഞു. അവാര്‍ഡ് ജേതാവ് ജോണ്‍ കച്ചിറമറ്റം മറുപടിപ്രസംഗം നടത്തി.