ഷോള്ഡറിലും താക്കോല്‍ദ്വാര ശസ്ത്രക്രിയ; അപൂര്‍വ നേട്ടവുമായി കാരിത്താസ്
Friday, July 11, 2025 2:17 AM IST
കോട്ടയം: ഡബിള്‍ കോര്‍ട്ടിക്കല്‍ ബട്ടണ്‍ ആര്‍ത്രോസ്കോപിക് ഏദന്‍ ഹിബിന്നെറ്റ് ശസ്ത്രക്രിയ കാരിത്താസ് ആശുപത്രയില്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ ഒരു സ്വകാര്യ ആശുപത്രിയില്‍ നടക്കുന്നത്. വൈറ്റില സ്വദേശി 24കാരനായ യുവാവിനാണ് ഈ ശസ്ത്രക്രിയ നടന്നത്.
മുപ്പതിലേറെ തവണ തെന്നിമാറിയ തോള്‍സന്ധി (ഷോള്‍ഡര്‍) യുടെ പരിക്കുമയിട്ടാണ് യുവാവ് കാരിത്താസ് ആശുപത്രിയില്‍ എത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു തോള്സന്ധിക്കുണ്ടായ പരിക്കിനെത്തുടര്‍ന്നാണ് ഷോള്‍ഡര്‍ നിരന്തരം തെന്നിമാറാന്തുടങ്ങിയത്.
സിടി സ്കാന്‍, എംആര്‍ഐ പരിശോധനകളില്‍ 30 ശതമാനത്തോളം എല്ല് തേഞ്ഞു നഷ്ടപ്പെട്ടിരിക്കുന്നതായി മനസിലാക്കുകയും ശസ്ത്രക്രിയയ്ക്കായി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
ഷോള്‍ഡര്‍ ജോയിന്റില്നിന്ന് നഷ്ടപ്പെട്ട എല്ലിനു പകരം ഇടുപ്പെല്ലില്നിന്നു ബോണ്ഗ്രാഫ്റ്റ് എടുത്തു താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഷോള്ഡറില് കോര്‍ട്ടിക്കല്‍ ബട്ടണ്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും ഷോള്‍ഡറിലെ ലിഗ്മെന്റുകള്‍ റിപ്പയര്‍ ചെയ്യുകയും ചെയ്യുന്ന അതി നൂതന ശസ്ത്രക്രിയയാണ് ഏദന്‍- ഹിബിന്നെറ്റ്.
കാരിത്താസ് ആശുപത്രിയിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ആനന്ദ് കുമരോത്തിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ആറാഴ്ചയ്ക്കുള്ളില്‍ യുവാവ് സുഖം പ്രാപിച്ചു.
ഇതിനുശേഷം മറ്റു രണ്ടു യുവാക്കളിലും ഈശസ്ത്രക്രിയ കാരിത്താസ് ആശുപത്രി ഓര്‍ത്തോപീഡിക്സ് ഡിപാര്ട്ട്മെന്റ്് നടത്തി. രോഗീപരിചരണത്തില്‍ പങ്കാളികളായ എല്ലാവരെയും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അഭിനന്ദിച്ചു.