തലസ്ഥാനത്ത് വൻ ലഹരിവേട്ട; ഒന്നേകാൽ കിലോ എംഡിഎംഎ പിടികൂടി
Friday, July 11, 2025 2:17 AM IST
ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ അതിർത്തിയായ കല്ലമ്പലത്ത് വൻ രാസലഹരി വേട്ട. വിദേശത്തുനിന്നു കടത്തിക്കൊണ്ടു വന്ന ഒന്നേകാൽ കിലോ എംഡിഎംഎ പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടി. ഇതോടനുബന്ധിച്ച് നാലുപേരെ റൂറൽ പോലീസ് ഡാൻസാഫ് സംഘം പിടികൂടി.
ഒന്നേകാൽ കിലോ എംഡിഎംഎയ്ക്ക് വിപണിയിൽ നാല് കോടി രൂപയ്ക്കു മുകളിൽ വില വരുമെന്നു പോലീസ് പറഞ്ഞു.
ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറുകളിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമംനടന്നത്. തിരുവനന്തപുരം വർക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്.
മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോണ്‍ എന്നാണ് സഞ്ജു അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി കടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നു റൂറൽ എസ്പി അറിയിച്ചു.
ഇന്നലെ രാത്രി വിദേശത്തുനിന്നുവന്ന ഇവർ വിമാനത്താവളത്തിൽനിന്ന് ഇന്നോവ കാറിൽ മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനിൽ ഇവർ എംഡിഎംഎ ഈന്തപ്പഴ പെട്ടികൾക്കുള്ളിലാക്കി കടത്താൻ ശ്രമിക്കവേയാണ് ഇന്നലെ പുലർച്ചെ പിടിയിലായത്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുറച്ച് ദിവസമായി റൂറൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികളെന്നു പോലീസ് അറിയിച്ചു.