അരുണ്‍കുമാറിന്റെ പദവി: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
Friday, July 11, 2025 2:17 AM IST
കൊച്ചി: ഡോ. വി.എ. അരുണ്‍കുമാര്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയതാണോയെന്ന വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് പരിശോധിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് എന്ന നിലയില്‍ പരിഗണന കിട്ടിയോ എന്ന വിഷയം ഡിവിഷന് ബെഞ്ചിന്നു വിട്ടതടക്കം ഉത്തരവാണ് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഒരു മാസത്തേക്കു സ്റ്റേ ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അരുണ്‍കുമാര്‍ നല്കിയ അപ്പീലാണു കോടതി പരിഗണിച്ചത്.
ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഡീനും തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. വിനു തോമസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.