ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം, മകന് ജോലി
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണു മരിച്ച വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണു ധനസഹായം നൽകുക. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസധനം അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ബിന്ദുവിന്റെ മകൻ നവനീതിന് വിദ്യാഭ്യാസത്തിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു ശിപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത മന്ത്രിസഭായോഗത്തിൽ ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നു നേരത്തെ മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളോടു സർക്കാർ കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ചു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കടുത്ത പ്രക്ഷോഭ പരിപാടികൾ നടത്തിവരികയാണ്.