വാട്സ്ആപ്പില്‍ കണ്ടുകെട്ടല്‍ നോട്ടീസ്: സാധുതയില്ലെന്ന് ഹൈക്കോടതി
Friday, July 11, 2025 2:17 AM IST
കൊച്ചി: ചരക്കു സേവന നികുതി വകുപ്പ് വാട്സ്ആപ്പില്‍ അയയ്ക്കുന്ന കണ്ടുകെട്ടല്‍ നോട്ടീസുകള്‍ക്ക് സാധുതയില്ലെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് താത്കാലികമായി അനുവദിച്ചിരുന്ന രീതി ഇനിയും തുടരുന്നതു നിയമപരമല്ല.
നിയമപരമായ നോട്ടീസുകള്‍ ഇത്തരത്തില്‍ നല്‍കുന്നത് കേന്ദ്ര ജിഎസ്ടി ആക്ടിന് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വാട്സ്ആപ്പ് വഴി നോട്ടീസ് അയച്ച ശേഷം കുടിവെള്ള ടാങ്കര്‍ കണ്ടുകെട്ടിയതിനെതിരേ ഉടമ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ്.
വാഹനവുമായി ബന്ധപ്പെട്ട നോട്ടീസോ കണ്ടുകെട്ടല്‍ ഉത്തരവുകളുടെ പകര്‍പ്പോ തനിക്ക് കിട്ടിയിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, വാട്സ്ആപ്പ് വഴി നോട്ടീസ് അയയ്ക്കുകയും ഹര്‍ജിക്കാരനുമായി ആവര്‍ത്തിച്ച് ആശയ വിനിമയം നടത്തിയിട്ടുമുണ്ടെന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ വിശദീകരണം.
ഹര്‍ജിക്കാരന്റെ വാഹനം കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സ്വീകരിച്ച നടപടികളില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് ബെഞ്ച് വിലയിരുത്തി.