വയനാട് ടൗണ്‍ഷിപ്പ്: ത്രികക്ഷി കരാറിന് അംഗീകാരം
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് നിർമാണത്തിനുള്ള ത്രികക്ഷി കരാർ മന്ത്രിസഭായോഗം അംഗീകരിച്ചു.
സർക്കാരിനായി ദുരന്തനിവാരണ അഥോറിറ്റി, കിഫ്ബിക്കു സാങ്കേതിക സഹായം നൽകുന്ന ഉപസ്ഥാപനമായ കിഫ്കോണ്‍, നിർമാണ കരാറുകാരായ ഊരാളുങ്കൽ എന്നിവരാണു ടൗണ്‍ഷിപ്പ് നിർമാണത്തിനുള്ള കരാറിൽ ഒപ്പിടുക.
കരാർ നടപ്പാക്കുന്നതിനു സ്പെഷൽ ഓഫീസറായി എസ്. സുഹാസിനെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി മന്ത്രിസഭാ യോഗം സാധൂകരിച്ചു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ നിരന്തര അവലോകനം പദ്ധതിയിലുണ്ടാകും.
ടൗണ്‍ഷിപ്പ് നിർമാണത്തിനായി രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭായോഗം 351.48 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗണ്‍ഷിപ്പ് നിർമിക്കുക.