കാട്ടുപന്നി ആക്രമണം: തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്ന് സർക്കാർ
Friday, July 11, 2025 2:17 AM IST
തിരുവനന്തപുരം: ജനവാസമേഖലകളിൽ മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള സർക്കാർ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കണമെന്നു സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികൾക്കു സർക്കാർ നിർദേശം നൽകിയതായി വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവ് നൽകുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകിയെങ്കിലും പല തദ്ദേശസ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കാത്തതിനാൽ കാട്ടുപന്നികൾ മൂലമുള്ള അപകടങ്ങളും കൃഷിനാശവും സംഭവിക്കുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിസ്വീകരിക്കാൻ ആവശ്യപ്പെട്ടതെന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വന്യജീവി പ്രശ്നത്തിൽ പ്രതിമാസ യോഗങ്ങൾ വിളിച്ചുചേർക്കാൻ കളക്ടർമാർക്കും നിർദേശം നല്കിയിട്ടുണ്ട്.