തുണി അലക്കുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി കുത്തിവീഴ്ത്തി; പേരക്കുട്ടി രക്ഷപ്പെട്ടു
Friday, July 11, 2025 2:17 AM IST
ആലക്കോട് (കണ്ണൂർ): വീട്ടുമുറ്റത്ത് തുണി കഴുകുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. സമീപത്തുണ്ടായിരുന്ന മൂന്നു വയസുകാരിയായ പേരക്കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
പൂവൻചാൽ മാവുംതട്ടിലെ പുതുശേരി കല്യാണിക്കാണ് (65) കാട്ടുപന്നിയാക്രമണത്തിൽ പരിക്കേറ്റത്. മൂന്നു വയസുകാരിയായ അനാമികയാണു രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
കല്യാണിയെ കാട്ടുപന്നി കുത്തിവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയ കല്യാണി വസ്ത്രങ്ങൾ അലക്കിയിടുന്നതിനിടെ റോഡിലൂടെ എത്തിയ കാട്ടുപന്നി വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു.