പാക് സൈനികനീക്കം സാധാരണ നടപടി, ആശങ്കപ്പെടേണ്ടെന്ന് സൈനിക മേധാവി
Tuesday, August 13, 2019 11:50 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഏതു സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.
കേന്ദ്രസർക്കാർ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെത്തുടർന്നാണ് പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത്. അതിർത്തിയിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും നിയന്ത്രണരേഖയിൽ എതിരാളി നീക്കം നടത്തിയാൽ പ്രത്യാക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.