കള്ളക്കേസിൽ ജയിലിൽ അടച്ച മലയാളിവൈദികനു മോചനം
Tuesday, September 17, 2019 12:54 AM IST
ന്യൂഡൽഹി: ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച മലയാളിവൈദികന് ഒടുവിൽ മോചനം. പോലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറന്പിലിന് ഇന്നലെ ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നിരുപാധിക ജാമ്യം അനുവദിച്ചു. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാൾക്കും ജാമ്യം നൽകി. ഇവർക്കു പുറമെ ഫാ. അരുണ് വിൻസെന്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് വിട്ടയച്ചിരുന്നു.
വൈദികനെതിരേയുള്ള പരാതിയിലെ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് കോടതിക്കു ബോധ്യപ്പെട്ടതായി ഗോഡ്ഡ ജില്ലാ ആശുത്രിയിലെത്തി ഫാ. ബിനോയിയെ സന്ദർശിച്ച ഡീൻ കുര്യാക്കോസ് എംപി ദീപികയോടു പറഞ്ഞു. ഫാ. ബിനോയിക്കെതിരേ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആദിവാസി ഭൂമികൈയേറ്റം, മതപരിവർത്തനം എന്നീ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വൈദികൻ നിരപരാധിയാണെന്നുമുള്ള അഭിഭാഷകരുടെ വാദം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് രാജേഷ് സിൻഹ അംഗീകരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് പൂർണമായും ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ നിരുപാധിക ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണു കള്ളക്കേസിൽ കുടുക്കി രാജ്ധയിലെ കത്തോലിക്കാ മിഷൻ കേന്ദ്രത്തിൽനിന്നു ഫാ. ബിനോയിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടുതൽ വാദത്തിനായി ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
ജാമ്യാപേക്ഷ ഇന്നലെ സിജെഎം കോടതിയിൽ പരിഗണനയ്ക്കു വരുന്നതു കണക്കിലെടുത്ത് ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ഹൃദ്രോഗി കൂടിയായ ഫാ. ബിനോയിയെ ഞായറാഴ്ച രാത്രി ഗോഡ്ഡ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രണ്ടു വർഷമായി പേസ്മേക്കറിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോരുന്ന ഫാ. ബിനോയിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു പറഞ്ഞ് മജിസ്ട്രേറ്റിനു മുന്നിൽ പോലീസ് ആദ്യം ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമായിരുന്നു. ഇക്കാര്യം അഭിഭാഷകർ ഇന്നലെ കോടതിയെ ബോധ്യപ്പെടുത്തി.
2017 മുതൽ പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ഈ വൈദികന് പലതവണ അസ്വസ്ഥത ഉണ്ടായിട്ടും പത്തു ദിവസം ആശുപത്രിയിലെത്തിക്കാനോ, ചികിത്സ ലഭ്യമാക്കാനോ ജയിൽ അധികാരികൾ തയാറായില്ല. വേദന ഉണ്ടെന്നു പരാതിപ്പെട്ടപ്പോൾ വേദനസംഹാരി നൽകി തലയൂരുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസും ജയിൽ അധികൃതരും ഫാ. ബിനോയിയോടു കാട്ടിയതെന്ന് ഇദ്ദേഹത്തെ സന്ദർശിച്ചശേഷം ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഇന്നലെ സന്ദർശിക്കുന്പോഴും വൈദികൻ ക്ഷീണിതനായിരുന്നുവെന്നു ഡീൻ പറഞ്ഞു.
വൈദികനായ ശേഷം മിഷൻ പ്രദേശത്തു ശുശ്രൂഷ ചെയ്യുന്ന താൻ ഇന്നേവരെ ഒരാളെപ്പോലും മാമ്മോദീസ മുക്കിയിട്ടില്ലെന്നു പറഞ്ഞ ഫാ. ബിനോയി, ഇടവകയുടെ ചുമതല ഇല്ലാതിരുന്നതിനാലാകാം അതിനു കഴിയാതെപോയതെന്നും കൂട്ടിച്ചേർത്തു. മതപരിവർത്തനത്തിനായി ആരെയെങ്കിലും സമീപിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. നിർബന്ധിത മതപരിവർത്തനമെന്നത് അതിനാൽതന്നെ നിലനിൽക്കില്ല. ഭൂമികൈയേറ്റമെന്ന പരാതിയും അടിസ്ഥാനമില്ലാത്തതാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന 35 ഏക്കറോളം വരുന്ന ഭൂമിയിലെ 15 ഏക്കർ സ്ഥലം കള്ളപ്പരാതി നൽകി തട്ടിയെടുക്കാൻ ചി ലർ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് പരാതിയെന്നാണ് കരുതുന്നതെന്ന് ഡീൻ കുര്യാക്കോസ് വിശദീകരിച്ചു.
ആദിവാസി ഭൂമി കൈയേറ്റമെന്നതു ഭാവനാസൃഷ്ടിയാണെന്ന് ഭഗൽപുർ രൂപതാ വികാരി ജനറാൾ ഫാ. എൻ.എം. തോമസ് പറഞ്ഞു. ഭഗൽപുർ രൂപതയുടെ കീഴിലാണ് ഫാ. ബിനോയി പ്രവർത്തിക്കുന്നത്.
ജോർജ് കള്ളിവയലിൽ