ഹിന്ദി അടിച്ചേൽപ്പിക്കുമെന്നു പറഞ്ഞിട്ടില്ല, രണ്ടാം ഭാഷയാക്കണം: അമിത് ഷാ
Thursday, September 19, 2019 12:36 AM IST
റാഞ്ചി: ഹിന്ദി അടിച്ചേൽപ്പിക്കുമെന്നു പറഞ്ഞിട്ടി ല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദി ഉപയോഗിക്കണമെന്നും പ്രാദേശികഭാഷകളുടെ വികസനത്തിനാണ് താൻ എക്കാലവും നിലകൊണ്ടതെന്നു ഷാ പറഞ്ഞു. അമിത് ഷായുടെ ഒരു രാജ്യം, ഒരു ഭാഷ പ്രസ്താവന വിവാദമായതിനെത്തുടർന്നാണു വിശദീകരണം.
ഞാൻ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനത്തുനിന്നുള്ളയാളാണ്. ഗുജറാത്തിൽ ഹിന്ദിയല്ല, ഗുജറാത്തിയാണ് ഭാഷ. എന്റെ പ്രസംഗം ശ്രദ്ധാപൂർവം കേൾക്കണം. പ്രാദേശികഭാഷകൾ ശക്തിപ്പെടുത്തണമെന്നാണ് ഞാൻ പറഞ്ഞത്.
ഒരു കുട്ടിയുടെ മാനസിക വളർച്ച ശരിയായ രീതിയിലാകണമെങ്കിൽ കുട്ടി മാതൃഭാഷ പഠിക്കണം. മാതൃഭാഷ എന്നത് ഹിന്ദിയല്ല. ഓരോ സംസ്ഥാനത്തും ഉള്ള ഭാഷയാണ്. ഒരാൾ മറ്റൊരു ഭാഷ പഠിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ അതു ഹിന്ദിയാകണം. ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാൻ സംഘടിപ്പിച്ച പരിപാടിയിൽ അമിത് ഷാ പറഞ്ഞു.