ജിഎസ്ടിയിൽ വീണ്ടും ഇളവ് ; വിറ്റുവരവ് രണ്ടു കോടി വരെയുള്ളവർക്ക് റിട്ടേൺ വർഷത്തിലൊരിക്കൽ മതി
Saturday, September 21, 2019 1:07 AM IST
പനാജി: ചരക്കുസേവന നികുതിയിൽ വീണ്ടും ഇളവ്. ഹോട്ടലുകളുടെ മുറിവാടകയിൽ ഗണ്യമായ ഇളവ് ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ചു. രണ്ടു കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർ വാർഷിക റിട്ടേൺ മാത്രം സമർപ്പിച്ചാൽ മതിയെന്നു ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു.
ലോട്ടറി നികുതി ഏകീകരിക്കാനുള്ള നിർദേശം വീണ്ടും മന്ത്രിതല കമ്മിറ്റിക്കു വിട്ടു. ഇന്നലെ ഗോവയിൽ നടന്ന ജി എസ് ടി കൗൺസിലിൽ ബിസ്കറ്റ് നികുതി കുറയ്ക്കൽ നിർദേശം തള്ളി.
ഹോട്ടൽ മുറികളുടെ വാടകയ്ക്കു നികുതി കുറച്ചു. 7,500 രൂപയിൽ കൂടുതൽ വാടകയുള്ളവയുടെ ജിഎസ്ടി 28ൽനിന്ന് 18 ശതമാനമാക്കി.
7,500 രൂപയിൽ താഴെ വാടക ഉള്ളവയുടെ നികുതി 18ൽനിന്നു 12 ശതമാനമാക്കി. 1,000 രൂപയിൽ താഴെ വാടക ഉള്ളവയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ഔട്ട് ഡോർ കേറ്ററിംഗിനുള്ള നികുതി അഞ്ചു ശതമാനമായി കുറച്ചു. പ്ലാസ്റ്റിക് ചാക്കുകളുടെ നികുതി 12 ശതമാനമായി കുറച്ചു. ജോബ് വർക്കിനുള്ള നികുതി 18ൽനിന്നു 12 ശതമാനമാക്കി. വജ്രങ്ങൾക്കു ജോബ് വർക്ക് ജിഎസ്ടി അഞ്ചിൽനിന്ന് ഒന്നര ശതമാനമാക്കി. കഫീൻ ചേർന്ന പാനീയങ്ങൾക്കു വില കൂടും. ജിഎസ് ടി 18ൽനിന്ന് 28 ശതമാനമാക്കി. കയറ്റുമതിക്ക് ഇറക്കുമതി ചെയ്യുന്ന വെള്ളിക്കു നികുതി ഒഴിവാക്കി.
റെയിൽവേ വാഗണുകൾ, കോച്ചുകൾ എന്നിവയുടെ നികുതി അഞ്ചിൽനിന്ന് 12 ശതമാനമാക്കി. നിർമാതാക്കളുടെ ആവശ്യപ്രകാരം ഇൻപുട്ട് ടാക്സ് ലഭിക്കാൻ വേണ്ടിയാണിത്. പത്തു മുതൽ 13 വരെ ആൾക്കാർ കയറാവുന്ന പെട്രോൾ വാഹനങ്ങൾക്കു കോമ്പൻസേഷൻ സെസ് ഒരു ശതമാനമാക്കി കുറച്ചു. ഇതേ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്കു സെസ് മൂന്നു ശതമാനമാക്കിയും കുറച്ചു.
വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിനെ സംസ്ഥാനങ്ങൾ എതിർത്തു. സെസ് കേന്ദ്രത്തിനുള്ളതാണ്.