സിറിയയിൽ 70,000 ഭീകരർ ഇപ്പോഴുമുണ്ട്: സ്ഥാനപതി
Tuesday, October 15, 2019 12:22 AM IST
ന്യൂഡൽഹി: സിറിയയിൽ ഇപ്പോഴും 70,000 ഭീകരർ ഉണ്ടെന്നും ഇവരിൽ 13,000 പേർ ഐഎസ് ആണെന്നും ഇന്ത്യയിലെ സിറിയൻ അംബാസഡർ ഡോ. റിയാദ് കമേൽ അബാസ്. സിറിയൻ അതിർത്തിക്കുള്ളിൽ ഭീകരരെ സഹായിക്കുന്നത് അമേരിക്കയും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങളാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സിറിയയിലെ ഭീകരരെ വളർത്തുന്നതും സഹായിക്കുന്നതും അമേരിക്കയും അവരുടെ സഖ്യകക്ഷികളുമാണ്. തുർക്കിയുടെ നേതൃത്വത്തിൽ സിറിയയിൽ നടത്തിയ ആക്രമണങ്ങളിൽ സാധാരണക്കാർ ബലിയാടാകുന്നതിനെതിരേ ഐക്യരാഷ്ട്രസഭ ഇടപെടണം. സിറിയയിലെ കുർദുകൾ അടക്കമുള്ളവർക്ക് ആയുധങ്ങളും സഹായവും നൽകുന്നത് അമേരിക്കയും തുർക്കിയും അടക്കമുള്ളവരാണ്.
ഏഷ്യയിൽനിന്നുള്ളവരടക്കം 80 രാജ്യങ്ങളിൽനിന്നുള്ള ഭീകരരാണ് സിറിയയിൽ കുഴപ്പം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യയിൽ നിന്നുള്ള ഭീകരർ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി സ്ഥാനപതി പറഞ്ഞു. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന തീവ്രവാദികൾ സിറിയയിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഭീകര ഗ്രൂപ്പുകളുടെ സാന്നിധ്യത്തെക്കുറിച്ചും അംബാസഡർ റിയാദ് സൂചന നൽകി.
തുർക്കിയെ പിന്തുണയ്ക്കുന്ന ഏതു രാജ്യവും ഭീകരതയെ സഹായിക്കുകയാണെന്ന്, പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം വിശദീകരിച്ചു. ഡമാസ്കസിനു പിന്തുണ നൽകുന്ന ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. സിറിയയ്ക്കു മരുന്നുകളും വിദ്യാർഥികൾക്കു സ് കോളർഷിപ്പുകളും നൽകുന്നതിലും ഇന്ത്യക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ കണ്ട് പുതിയ സ്ഥിതിവിശേഷം ചർച്ച ചെയ്തതായും അംബാസഡർ അറിയിച്ചു.
ജോർജ് കള്ളിവയലിൽ