പ്രഫുൽ പട്ടേലിന് ഇഡി സമൻസ്
Wednesday, October 16, 2019 12:58 AM IST
ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അന്തരിച്ച ഇബ്രാഹിം മിർച്ചിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സന്പാദനക്കേസിൽ മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. യുപിഎ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനോട് ഒക്ടോബർ 18 ന് മുംബൈയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടേലും ഭാര്യയും മിർച്ചിയുടെ ഭാര്യയും പ്രമോട്ടർമാരായ റിയൽ എസ്റ്റേറ്റ് കന്പനി നടത്തിയ ഇടപാടിൽ പണംതട്ടിപ്പ് തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. വ്യോമയാന അഴിമതിക്കേസിൽ നേരത്തെ പട്ടേലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പട്ടേലിന്റെ മിലേനിയം ഡെവലപ്പർ പ്രൈവറ്റ് ലിമിറ്റഡ് 2006- 07 കാലഘട്ടത്തിൽ നിർമിച്ച സീജെ ഹൗസ് എന്ന കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകൾ മിർച്ചിയുടെ ഭാര്യ ഹജ്റ ഇഖ്ബാലിനു കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മിർച്ചിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പണംതട്ടിപ്പ്, മയക്കുമരുന്ന് വ്യാപാരം, കുറ്റകൃത്യങ്ങൾ എന്നിവ വഴി സന്പാദിച്ച പണംകൊണ്ടാണ് മിർച്ചി ഈ ഭൂമി വാങ്ങിയത്.
എന്നാൽ, ആരോപണങ്ങൾ പട്ടേലും എൻസിപിയും നിഷേധിച്ചു. പട്ടേലിന്റെ ഇടപാടുകൾ സുതാര്യമായിരുന്നെന്നും എൻസിപി പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മിർച്ചി 2013 ൽ ലണ്ടനിൽ വച്ചാണു മരിച്ചത്.