ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി
Friday, October 18, 2019 12:45 AM IST
പൗരി: ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകനെ വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുഗാദാ വനമേഖലയിലാണ് പങ്കജ് ശർമയുടെ (43) മൃതദേഹം കണ്ടെത്തിയത്. പ്രാഥമികനിരീക്ഷണത്തിൽ ആത്മഹത്യയാണെന്നു സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) യൂണിറ്റ് ഇൻചാർജ് ഇൻസ്പെക്ടർ ഗബർ സിംഗ് നെഗി പറഞ്ഞു.
മൃതദേഹത്തിനരുകിൽനിന്ന് വിഷക്കുപ്പിയും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നാണ് കത്തിലുള്ളത്. ഹിന്ദുസ്ഥാൻ എന്ന ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്യുന്ന ശർമയെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു.