1990ൽ നാലു വ്യോമസേനാംഗങ്ങളെ വധിച്ച കേസിൽ മുൻ ജെകെഎൽഎഫ് ഭീകരനെ അറസ്റ്റ് ചെയ്തു
Friday, October 18, 2019 11:38 PM IST
ജമ്മു: 1990ൽ സ്ക്വാഡ്രൺ ലീഡർ ഉൾപ്പെടെ നാലു വ്യോമസേന ഉദ്യോഗസ്ഥരെ ഭീകരാക്രമണത്തിൽ കൊലപ്പെടുത്തിയ കേസിൽ മുൻ ജെകെഎൽഎഫ് ഭീകരൻ ജാവേദ് നൽക എന്നറിയപ്പെടുന്ന ജാവേദ് അഹമ്മദ് മിറിനെ സിബിഐ അറസ്റ്റ് ചെയ്തു. ബുധനാഴ്ച അറസ്റ്റിലായ മിറിന് അന്നുതന്നെ സിബിഐ കോടതി ജാമ്യം അനുവദിച്ചു.
കാഷ്മീരിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മിർ 1980കളുടെ അവസാനമാണു ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. 1990 ജനുവരി 25നു ശ്രീനഗറിലെ റാവൽപോറയിലുണ്ടായ ഭീകരാക്രമണത്തിൽ സ്ക്വാഡ്രൺ ലീഡർ രവി ഖന്ന ഉൾപ്പെടെ നാലു വ്യോമസേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. ജെകെഎൽഎഫ് തലവൻ യാസീൻ മാലിക്കും കേസിൽ പ്രതിയാണ്.