കോൺഗ്രസ്, എൻസിപി കക്ഷികളോട് ഔദ്യോഗികമായി പിന്തുണ അഭ്യർഥിച്ചത് തിങ്കളാഴ്ചയെന്നു താക്കറെ
Tuesday, November 12, 2019 11:59 PM IST
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ്, എൻസിപി കക്ഷികളോട് ഔദ്യോഗികമായി പിന്തുണ അഭ്യർഥിച്ചത് തിങ്കളാഴ്ചയാണെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ.
ശിവസേന എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ രൂപവത്കരണത്തിനു ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ പദ്ധതി തയാറാക്കും. കോൺഗ്രസ്, എൻസിപി കക്ഷികളെപ്പോലെ പൊതു മിനിമം പരിപാടിയിൽ വ്യക്തത വേണമെന്ന് ശിവസേനയും ആവശ്യപ്പെടുകയാണ്-താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം അടിച്ചേൽപ്പിച്ച ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കെതിരേ താക്കറെ വിമർശനമുയർത്തി. സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് അനുവദിച്ചിരുന്ന സമയം തീരുന്നതിനു മുന്പ് ഗവർണർ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് ഞങ്ങൾക്കു കത്ത് നല്കി. 48 മണിക്കൂർ സമയം ചോദിച്ചെങ്കിലും ഗവർണർ തന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് ആറു മാസം അനുവദിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ പറഞ്ഞു.