ആന്ധ്രയിൽ വിശുദ്ധനാട് തീർഥാടനത്തിനു ധനസഹായം വർധിപ്പിച്ചു
Tuesday, November 19, 2019 11:35 PM IST
അമരാവതി: ആന്ധ്രയിൽ വിശുദ്ധനാട് തീർഥാടനത്തിനു ക്രൈസ്തവർക്കു നല്കിയിരുന്ന ധനസഹായം വർധിച്ചിച്ചു. ഹജ്ജ് തീർഥാടകർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടരി മുഹമ്മദ് ഇല്യാസ് റിസ്വിയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ക്രൈസ്തവർക്ക് വിശുദ്ധനാട് തീർഥാടനത്തിന് 60,000 രൂപ ധനസഹായം നല്കും. മുന്പ് ഇത് 40,000 രൂപയായിരുന്നു. മൂന്നു ലക്ഷത്തിലധികം വരുമാനമുള്ളവർക്ക് 30,000 രൂപ ധനസഹായം നല്കും. മുന്പ് ഇത് 20,000 രൂപ ആയിരുന്നു. വിശുദ്ധനാട് തീർഥാടകർക്ക് ധനസഹായം നല്കിത്തുടങ്ങിയത് 2013 മുതലായിരുന്നു. 20,000 രൂപയായിരുന്നു അന്ന് നല്കിയിരുന്നത്. 2016ൽ ചന്ദ്രബാബു നായിഡു സർക്കാർ ഇത് 40,000 രൂപയാക്കി.