വാനര രക്ഷയ്ക്ക് വായുവേഗത്തിൽ മേനക
Tuesday, November 19, 2019 11:36 PM IST
ന്യൂഡൽഹി: റെയ്സിനാ റോഡിൽ കുഴഞ്ഞുവീണ കുരങ്ങിനെ രക്ഷിക്കാൻ ആംബുലൻസയച്ച് ബിജെപി നേതാവ് മേനകാ ഗാന്ധി. മാധ്യമ പ്രവർത്തക ട്വിറ്ററിലൂടെ ഇട്ട സന്ദേശത്തിൽ നിന്നു വിവരമറിഞ്ഞാണ് മുൻ കേന്ദ്രമന്ത്രിയും മൃഗ സംരക്ഷക പ്രവർത്തകയുമായ മേനക ഗാന്ധിയുടെ അടിയന്തര നടപടി. കുരങ്ങിനു കൈത്താങ്ങായ മേനക ഗാന്ധിയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഇന്നലെ രാവിലെ ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പരിസരത്ത് റോഡിനരികിൽ അവശനിലയിലായ കുരങ്ങിനെ കണ്ടെത്തിയത്. ഇതു മാധ്യമ പ്രവർത്തകയായ ഭാരതി ജെയിൻ ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഏതെങ്കിലും മൃഗസംരക്ഷക പ്രവർത്തകരോ എൻജിഒയോ കുരങ്ങിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സന്ദേശത്തിൽ മേനക ഗാന്ധിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ തന്നെ മേനകയുടെ റിട്വീറ്റും എത്തി. ഒരു വാഹനം അയയ്ക്കുന്നുണ്ടെന്നും അതിൽ കുരങ്ങനെ സഞ്ജയ് ഗാന്ധി ആനിമൽ കെയറിൽ എത്തിക്കുമെന്നും മേനക അറിയിച്ചു.