ശിവസേനയുമായി ചേരാൻ എൻസിപി- കോണ്‍ഗ്രസ് ധാരണ
Thursday, November 21, 2019 12:49 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്നു സർക്കാരുണ്ടാക്കുന്നതിൽ എൻസിപിയും കോണ്‍ഗ്രസും തമ്മിൽ ധാരണയിലെത്തിയെന്ന് സൂചന. മഹാരാഷ്ട്രയിലെ കാർഷിക വിഷയത്തിന്റെ പേരിൽ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എൻസിപി നേതാവ് ശരദ് പവാർ ഇന്നലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത്.
ശിവസേനയുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുന്നതിന് തത്ത്വത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകിയതായാണു വിവരം. നിലവിലെ ധാരണ അനുസരിച്ച് എൻസിപിയും ശിവസേനയും മുഖ്യമന്ത്രി പദം പങ്കിടും. ആദ്യ തവണ ശിവസേനയിലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയേക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ കോണ്‍ഗ്രസിൽ നിന്നാകും.