മാവോയിസ്റ്റ് നേതാവ് രാമണ്ണ മരിച്ചെന്നു പോലീസ്
Wednesday, December 11, 2019 12:09 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയിരുന്ന ഉന്നത മാവോയിസ്റ്റ് നേതാവ് രാമണ്ണ എന്നറിയപ്പെടുന്ന രാവുലു ശ്രീനിവാസ് ഹൃദയാഘാതംമൂലം മരിച്ചെന്ന് പോലീസ് അറിയിച്ചു.
ബിജാപുർ ജില്ലയിലെ വനത്തിൽവച്ചായിരുന്നു മരണമെന്നാണു പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി പാമേഡ്, ബസഗുഡ ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ രാമണ്ണ മരിച്ചെന്നും സംസ്കാരം നടത്തിയെന്നു ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു. എന്നാൽ, രാമണ്ണയുടെ മരണം സിപിഐ(മാവോയിസ്റ്റ്) സ്ഥിരീകരിച്ചിട്ടില്ല. തലയ്ക്കു 40 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റായ രാമണ്ണ തെലുങ്കാനയിലെ വാറങ്കൽ സ്വദേശിയാണ്. 2010ൽ 76 ജവാന്മാർ കൊല്ലപ്പെട്ട താഡ്മെട്ല ആക്രമണത്തിലും 29 പേർ കൊല്ലപ്പെട്ട ദർഭ വാലി ആക്രമണത്തിലും ഇയാൾ പങ്കാളിയായിരുന്നു.