പൗരത്വ ബില്ലിനെതിരേ മുസ്ലിംലീഗ് സുപ്രീംകോടതിയിൽ
Friday, December 13, 2019 12:37 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. മുസ്ലിം ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് കനി എന്നിവർ കക്ഷികളായാണ് ഹർജി സമർപ്പിച്ചത്. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നതും മുസ്ലിം മതവിഭാഗത്തെ പൗരത്വ ഭേദഗതി പട്ടികയിൽനിന്ന് ഒഴിവാക്കുന്നതും ഭരണഘടന നൽകുന്ന പരിരക്ഷകളുടെ ലംഘനമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാൻ,പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലെത്തിയ മുസ്ലിംകൾ ഒഴികെയുള്ള ആറു മതവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന ബിൽ ബുധനാഴ്ചയാണ് രാജ്യസഭ പാസാക്കിയത്. ലോക്സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു. ഈ ബിൽ രാഷ്ട്രപതി പരിഗണിച്ച് ഒപ്പുവയ്ക്കാനിരിക്കേയാണ് ബില്ലിനെതിരേ ഹർജിയുമായി മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബിൽ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലുള്ള ആർക്കും പൗരത്വം നൽകുന്നതിനെ തങ്ങൾ എതിർക്കുന്നില്ല. എന്നാൽ, പൗരത്വം നൽകുന്പോൾ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് വിവേചനമാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് നിയമം മൂലം ഒരു വിഭാഗത്തെ ഒഴിവാക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ നീക്കം വലിയ ആപത്തുണ്ടാക്കുമെന്ന് ഹർജി സമർപ്പിച്ചതിനു ശേഷം എംപിമാരായ കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ബഷീർ, അബ്ദുൾ വഹാബ് എന്നിവർ പറഞ്ഞു.ആസാമിലും ത്രിപുരയിലും അടക്കം വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്.