നിർഭയ: തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി
Wednesday, January 15, 2020 12:38 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ രണ്ടു പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. വിനയ് ശർമ, മുകേഷ് സിംഗ് എന്നിവർ നൽകിയ ഹർജികൾ ജസ്റ്റീസുമാരായ എൻ.വി. രമണ, അരുണ്‍ മിശ്ര, രോഹിൻടണ്‍ നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ച് പരിശോധിച്ചാണു തള്ളിയത്.
വധശിക്ഷ ശരിവച്ചതിനെതിരേ പ്രതികൾ നൽകിയ ഹർജിയിൽ എന്തെങ്കിലും കഴന്പുള്ളതായി കണ്ടെത്താനായില്ലെന്നു കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ പ്രതി മുകേഷ് സിംഗ് വീണ്ടും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിട്ടുണ്ട്.
ഡൽഹിയിൽ ഓടുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. ഇതിൽ വിനയ് ശർമ, മുകേഷ് സിംഗ് എന്നിവരാണ് തിരുത്തൽ ഹർജി നൽകിയത്. ഹർജി ഇന്നലെ ചേംബറിൽ പരിശോധിച്ച അഞ്ചംഗ ബെഞ്ച് തള്ളുകയാണെന്ന് അറിയിക്കുകയായിരുന്നു. പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവർ തിരുത്തൽ ഹർജി നൽകിയിട്ടില്ല. നാലു പേർക്കും വധശിക്ഷ ശരിവച്ച 2018 ജൂലൈയിലെ സുപ്രീംകോടതി ഉത്തരവിനെതിരേ അക്ഷയ് സിംഗ് നൽകിയ പുനഃപരിശോധനാ ഹർജി കഴിഞ്ഞ മാസം ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെ പട്യാല കോടതി അഡീഷണൽ സെഷൻസ് ജഡ്ജി വിധി നടപ്പിലാക്കുന്നതിനായി ജനുവരി 22നു മരണവാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.