ഹിന്ദുസ്ഥാനി ഗായിക സുനന്ദ പട്നായിക് അന്തരിച്ചു
Monday, January 20, 2020 12:27 AM IST
ഭുവനേശ്വർ: മുതിർന്ന ഒഡിയ ഹിന്ദുസ്ഥാനി ഗായിക സുനന്ദ പട്നായിക്(85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1934 നവംബർ ഏഴിന് കട്ടക്കിൽ ജനിച്ച സുനന്ദ 14-ാം വയസിലാണ് ഓൾ ഇന്ത്യ റേഡിയോയിൽ പാടിത്തുടങ്ങിയത്. ഗ്വാളിയർ ഖരാനയിലെ ഗുരുമ എന്ന ആലാപനശൈലിയുടെ വക്താക്കളിൽ ഒരാളായിരുന്നു. പ്രശസ്ത ഒഡിയ കവി ബൈകുണ്ഡനാഥ് പട്നായികിന്റെ മകളാണ്. 1970, 71 വർഷങ്ങളിൽ ഒഡീഷ സംഗീത അക്കാഡമി അവാർഡ്, 2012ൽ ദേശീയ സംഗീത നാടക അക്കാഡമി അവാർഡ്, ഒഡീഷ സൊസൈറ്റി ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അവാർഡ്, ഉത്കൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ലിറ്ററേച്ചർ, 1999ൽ അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയ മണ്ഡലിന്റെ ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് മ്യൂസിക് തുടങ്ങി നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.